ശബരിമലയില്‍ രക്തം വീഴ്ത്താന്‍ നടത്തിയ ഗൂഢാലോചന രാജ്യദ്രോഹം: കടകംപള്ളി

കൊച്ചി: ശബരിമലയില്‍ രക്തം വീഴ്ത്താന്‍ നടത്തിയ ഗൂഢാലോചനകള്‍ രാജ്യദ്രോഹമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഹുല്‍ ഈശ്വര്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുരാജ്യത്തിനെതിരേ സ്വീകരിക്കുന്ന യുദ്ധതന്ത്രങ്ങളാണ് ശബരിമലയെ കളങ്കിതപ്പെടുത്തുന്നതിന് അവര്‍ സ്വീകരിച്ചത്. ക്ഷേത്രത്തിനകത്ത് രക്തം വീഴ്ത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുമ്പോള്‍ അത് സംസ്ഥാനത്തെയും രാജ്യത്തെയും വിശ്വാസി സമൂഹത്തെയും വഞ്ചിക്കാന്‍ നടത്തിയ നീക്കങ്ങളാണെന്നു വ്യക്തമായി. ശബരിമല ക്ഷേത്രത്തെ രക്തം കൊണ്ട് പങ്കിലമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യദ്രോഹമാണ്. ശബരിമല കലാപഭൂമിയാക്കാനുള്ള വര്‍ഗീയവാദികളുടെ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്തുവരുകയാണ്. അവയെക്കുറിച്ച് ഇപ്പോള്‍ രാഹുല്‍ ഈശ്വര്‍ തന്നെ വെളിപ്പെടുത്തി.
ശബരിമലയുടെ പേരില്‍ കബളിപ്പിക്കപ്പെട്ട വിശ്വാസികള്‍ ഇക്കാര്യം ബോധ്യപ്പെടണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പരിപാവനമായ ശബരിമല ക്ഷേത്രസന്നിധാനത്തെ ചോര വീഴ്ത്തി കളങ്കപ്പെടുത്താന്‍ തയ്യാറെടുത്തിരുന്നുവെന്ന തുറന്നുപറച്ചില്‍ വളരെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഭക്തരുടെ വേഷമണിഞ്ഞെത്തുന്ന ചെന്നായ്ക്കളെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാരോടും അമ്പലംവിഴുങ്ങികളോടും ഒരു യോജിപ്പിനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top