ശബരിമലയില്‍ പോവുന്ന സ്ത്രീകളെ തടയില്ല: എം ടി രമേശ്‌

കൊച്ചി/കോട്ടയം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോവാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പക്ഷേ, ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പോവുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരഭിമാനം വെടിഞ്ഞ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) നേതൃത്വത്തില്‍ ശബരിമല സരംക്ഷണ യാത്രയ്ക്ക് ഇന്ന് രാവിലെ 11ന് പന്തളത്ത് നിന്നു തുടക്കമാവും. ഇന്ന് തുടങ്ങുന്ന യാത്ര വിവിധ ജില്ലകളില്‍ പ്രവേശിച്ച് 15ന് സെക്രട്ടേറിയറ്റില്‍ അവസാനിക്കും.
വിശ്വാസത്തോളമുയരുന്ന ശബരിമലയെ തകര്‍ക്കാനാണ് മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള. സ്റ്റാലിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയുടെ ഈ നീക്കത്തില്‍ അദ്ഭുതപ്പെടാനില്ല. ശബരിമലയില്‍ പ്രത്യേകതകളൊന്നുമില്ലെന്ന വിധി അംഗീകരിക്കാനാവില്ല. കോടതിയല്ല, ആര് പറഞ്ഞാലും ഇതനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top