ശബരിമലയിലെ സ്ത്രീ പ്രവേശനം കോടതി വിധിയില്‍ ആശങ്കയെന്ന് കെ സി വേണുഗോപാല്‍

മലപ്പുറം: മലപ്പുറം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയില്‍ ഏറെ ആശങ്കകളുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിലെ അതിഥി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫാലിലൂടെ മോദി നടത്തിയത്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയില്‍ നിര്‍മിക്കുന്നതുള്‍പ്പെടെ 126 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍, നിശ്ചയിച്ചതിന്റെ മൂന്നിരട്ടിയോളം വില നല്‍കിയും എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചും റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ മോദി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിലൂടെ വന്‍ അഴിമതിയാണ് നടന്നത്. അനില്‍ അംബാനിയെ സഹായിക്കാന്‍ വേണ്ടിയാണ് ഇതു ചെയ്തത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റഫാല്‍ അഴിമതി കോണ്‍ഗ്രസ് പ്രധാന പ്രചാരണായുധമാക്കും. നാലര വര്‍ഷത്തിനിടെ കേന്ദ്രം ജനദ്രോഹ നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്. തൊഴില്ലായ്മ, കാര്‍ഷിക പ്രശ്‌നങ്ങള്‍, പട്ടിണി തുടങ്ങിയ നിരവധി വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ സാധിച്ചില്ല. വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ പാര്‍ട്ടി സന്നദ്ധമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കീഴില്‍ മതേതര കൂട്ടായ്മ അധികാരം പിടിക്കും. തെലങ്കാനയിലും കര്‍ണാടകയിലുമെല്ലാം ഒറ്റയ്ക്ക് മല്‍സരിച്ച സിപിഎം മുഖ്യശത്രു ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ ബിജെപി പ്രചാരണത്തെ തോല്‍പ്പിക്കാന്‍ ‘ശക്തി’ സോഷ്യല്‍ മീഡിയ വിഭാഗം സജീവമാക്കും. ഓരോ ബൂത്തില്‍ നിന്നും പത്തുപേരെ ഇതിന് സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top