ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന്‌; വിവാദ പരാമര്‍ശവുമായി കൊല്ലം തുളസി

കൊല്ലം: ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള നയിക്കുന്ന എന്‍ഡിഎയുടെ ശബരിമല സംരക്ഷണ റാലിക്കിടെ വിവാദ പരാമര്‍ശവുമായി ചലച്ചിത്രതാരം കൊല്ലം തുളസി. ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം, കീറിയ ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം- കൊല്ലം തുളസി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമല സംരക്ഷണ റാലിയുടെ മൂന്നാം ദിവസത്തെ പര്യടനത്തിനു തുടക്കം കുറിച്ച് ചവറയില്‍ നടന്ന യോഗത്തിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശം. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍െപ്പടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ തിരുത്താന്‍ ആരും തയ്യാറായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചയാളാണ് കൊല്ലം തുളസി. അതേസമയം, കൊല്ലം തുളസിയുടേത് വികാരപരമായ പരാമര്‍ശം മാത്രമായി കണ്ടാല്‍ മതിയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊല്ലം തുളസി ബിജെപിയുടെ പ്രതിനിധിയായല്ല, കൊല്ലത്തെ ഒരു അയ്യപ്പ ക്ഷേത്രത്തിന്റെ പ്രതിനിധിയായാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.RELATED STORIES

Share it
Top