ശബരിഗിരി പദ്ധതിയുടെ നാട്ടില്‍ കാലാവസ്ഥാ നിരീക്ഷണത്തിന് സംവിധാനമില്ല

പത്തനംതിട്ട: സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയുള്ള ജില്ലയായിട്ടും പത്തനംതിട്ടയില്‍ കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടത്ര സംവിധാനമില്ലാത്തത് വികസനത്തെ ബാധിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി. റവന്യൂ മന്ത്രിക്കും കാലാവസ്ഥാ വകുപ്പിനുമുള്ള തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ പ്രളയത്തിലും വേണ്ടത്ര മുന്നറിയിപ്പു നല്‍കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ജില്ലയില്‍ പ്രളയകാലത്ത് എത്ര അളവില്‍ മഴ ലഭിച്ചുവെന്നതു സംബന്ധിച്ച് കൃത്യമായ വിവരമില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. കോന്നിയിലും അയിരൂര്‍ കുരുടാമണ്ണിലും മാത്രമാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള മഴമാപിനികള്‍ പ്രവര്‍ത്തിക്കുന്നത്. പ്രളയദിവസം അയിരൂരിലെ മഴമാപിനി പ്രവര്‍ത്തിച്ചില്ല. വൈദ്യുതി ബോര്‍ഡിന്റെയും സ്വകാര്യ ചെറുകിട വൈദ്യുതി ഉല്‍പാദകരുടേതുമായി 15 ഡാമുകളും വിയറുകളുമാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ പമ്പയിലും കക്കിയിലും മഴയുടെ അളവ് എടുക്കുന്നുണ്ടെങ്കിലും അത് കെഎസ്ഇബി ലോഡ് ഡെസ്പാച്ച് സെന്ററിലേക്കു മാത്രമാണ് നല്‍കുന്നത്. അതിനാല്‍ കാലാവസ്ഥാ വകുപ്പിനോ പൊതുജനങ്ങള്‍ക്കോ മഴയുടെ അളവ് സംബന്ധിച്ച് ധാരണയില്ല.
അതിവിശാലമായ അപ്പര്‍ കുട്ടനാട് പ്രദേശത്തിന്റെ ആസ്ഥാനം എന്ന നിലയില്‍ തിരുവല്ല നഗരത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച മഴമാപിനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. വിളനാശത്തിന് ഇന്‍ഷുറന്‍സ് ലഭിക്കാനും കേന്ദ്രനീതി ആയോഗിന്റെ പദ്ധതി അംഗീകാരം ലഭിക്കാനും കുറഞ്ഞത് 20-25 വര്‍ഷത്തെ കാലാവസ്ഥാ ഡാറ്റ നിഷ്‌കര്‍ഷിക്കാറുണ്ട്. തിരുവല്ലയില്‍ ഈ വിലപ്പെട്ട ഡാറ്റയാണ് കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി രേഖപ്പെടുത്താതെ പോവുന്നത്.
ഏകദേശം ഏഴുവര്‍ഷം മുമ്പാണ് തിരുവല്ല പിഡബ്ല്യൂഡി ഓഫിസിന് മുമ്പില്‍ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ ഓഫിസ് വളപ്പില്‍ നിന്ന് മഴമാപിനി മോഷണം പോയത്. കാലാവസ്ഥാ മാറ്റം നമ്മെ ഭീഷണിപ്പെടുത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഏറുന്ന മഴയുടെയും താപനിലയുടെയും കണക്ക് ഭാവി ആസൂത്രണത്തിന് അനിവാര്യമാണ്. അതിനാല്‍ സംസ്ഥാന റവന്യൂ വകുപ്പ് മഴമാപിനി പുനസ്ഥാപിക്കുകയും ഐഎംഡിയുമായി ചേര്‍ന്ന് ഇവിടുത്തെ അളവെടുപ്പും താപനില രേഖപ്പെടുത്തലും പുനരാരംഭിക്കുകയും വേണമെന്നും പുതുശ്ശേരി അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top