ശനിദശ മാറാതെ ബംഗളൂരു ; കിങ്‌സ് ഇലവന്‍ പഞ്ചാബിന് 19 റണ്‍സ് ജയംബംഗളൂരു: ഇനി ബംഗളൂരുവിന് മുന്നില്‍ പറയാന്‍ ന്യായങ്ങളില്ല. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ അക്കൗണ്ടില്‍ ഈ വര്‍ഷം നാണക്കേടിന്റെ കണക്കുകള്‍ മാത്രം. ഈ സീസണില്‍ ആദ്യ പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച് പുറത്തായ ബംഗളൂരു, കിങ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ 19 റണ്‍സിന് അടിയറവ് പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ ബംഗളൂരുവിന്റെ പോരാട്ടം 19 ഓവറില്‍ 119 റണ്‍സില്‍ അവസാനിച്ചു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി അക്ഷര്‍ പട്ടേല്‍(38*) ടോപ് സ്‌കോററായി. മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാഷിം അംല(1)യും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും(9) തുടക്കത്തിലേ തന്നെ മടങ്ങി. നേരിയ ചെറുത്തു നില്‍പ്പിന് ശ്രമിച്ച ഷോണ്‍ മാര്‍ഷും(20) മനാന്‍ വോറയും(25) കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ പഞ്ചാബ് സമ്മര്‍ദത്തിലായി. എന്നാല്‍ 17 പന്തില്‍ 38 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ നടത്തിയ പ്രകടനമാണ് പഞ്ചാബിനെ 138 റണ്‍സിലേക്കെത്തിച്ചത്.ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ബംഗളൂരു പതിവു തെറ്റിക്കാതെ തുടക്കം മുതലേ തകര്‍ന്നടിഞ്ഞു. മന്ദീപ് സിങ്(46) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഗെയ്ല്‍(0), കോഹ്‌ലി(6), ഡിവില്ലിയേഴ്‌സ്(10), കേദാര്‍ യാദവ്(6), ഷെയ്ന്‍ വാട്‌സ ണ്‍(3), പവന്‍ നേഗി(21) എന്നിങ്ങനെയാണ് ബംഗളൂരു നിരയിലെ മറ്റ് സ്‌കോറര്‍മാര്‍. പഞ്ചാബിന് വേണ്ടി സന്ദീപ് ശര്‍മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും വരുണ്‍ ആരോണും രണ്ട് വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top