ശക്തമായ മഴ: വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

ചവറ:ശക്തമായ മഴയില്‍ ചവറയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളക്കെട്ടിലായി. പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞ് വീണു.
മഴയെ തുടര്‍ന്ന് പന്മനയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. പന്മന ഇടപ്പള്ളിക്കോട്ട ഭവനത്ത് പടീറ്റതില്‍ മുഹമ്മദ് പൈലിയുടെ വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞ് വീണത്. ഇതിനെ തുടര്‍ന്ന് മേല്‍ക്കൂര നിലം പൊത്തി. കഴിഞ്ഞ ദിവസം രാത്രി 10 നായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങികിടന്ന പൈലിയും ഭാര്യ ഫാത്തിമാ ബീവിയും വലിയ ശബ്ദത്തോടെ ഭിത്തിയും മേല്‍ക്കൂരയും വീണതോടെ  എണീറ്റ് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ പുറക് വശത്തെ മുറിയുടേയും അടുക്കള ഭാഗത്തേയും ഭിത്തികളാണ് ഇടിഞ്ഞ് വീണത്. ഏത് നിമിശവും ബാക്കിയുള്ള ഭാഗങ്ങളിലെ ഭിത്തികളും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. വിവരമറിഞ്ഞ് രാവിലെയോടെ പന്മന വില്ലേജ് ഓഫിസര്‍ പൈലിയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തേവലക്കര മൊട്ടയ്ക്കല്‍ ചന്ദ്രാസ് ജങ്ഷനില്‍ മരത്തിന്റെ ഒരു ഭാഗം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചവറ ഫയര്‍ഫോഴ്‌സ് എത്തി ഒടിഞ്ഞ് വീണ മരം മുറിച്ച് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.

RELATED STORIES

Share it
Top