ശക്തമായ മഴ തുടരുന്നു; മലയോരത്ത് വന്‍ നാശം

കരുവാരകുണ്ട്: തുടര്‍ച്ചയായി പെയ്ത മഴയില്‍ മലയോരമേഖലയില്‍ വന്‍ നാശനഷ്ടം. പുഴകള്‍ കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീട് തകര്‍ച്ചാ ഭീഷണിയിലായി. പുന്നക്കാട് സ്വദേശി പുറ്റാണിക്കാട്ടില്‍ മുഹമ്മദിന്റെ വീടാണ് ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലുള്ളത്. ഇന്നലെ പുലര്‍ച്ചെ മണ്ണിടിഞ്ഞ് വീടിനോട് ചേര്‍ന്ന ശുചിമുറി 30 അടിയിലേറെ താഴ്ച്ചയിലേക്ക് നിലംപൊത്തി.
30 അടി ഉയരമുള്ള കുന്നിന് മുകളിലാണ് മുഹമ്മദിന്റെ വീട് സ്ഥിതി ചെയ്യുന്നത്. സമീപവാസിയുടെ സ്ഥലത്തിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും ഭിത്തിയുള്‍പ്പെടെ യാണ് തകര്‍ന്നുവീണത്.
മുഹമ്മദിന്റെ വീടിന്റെ ഏതാനും ചില ഭാഗങ്ങള്‍ മണ്ണിടിഞ്ഞ ഭാഗത്താണ്. വീട് അപകടാവസ്ഥയിലായതോടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്നു പുഴയിലുണ്ടായ കുത്തൊഴുക്ക് കാരണം പാന്ത്ര ചെമ്പന്‍കാട് നടപ്പാലത്തിന്റെ സംരക്ഷണ ഭിത്തി ഭാഗികമായി തകര്‍ന്നു. കക്കറയിലെ വേലാടില്‍ പാത്തുമ്മയുടെ വീട്ടിലെ കിണര്‍ ഇടിയുകയും ചെയ്തു. ഒലിപ്പുയും, കല്ലന്‍ പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ പുഴക്കരികിലുള്ള കൃഷിയിടങ്ങള്‍ നശിച്ചു. കണ്ടോയിലും മാമ്പറ്റയിലും വീടുകളിലേക്ക് വെള്ളം കയറി.
എടക്കര: കനത്ത മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. മരുത മത്തളപ്പാറ എടക്കാട്ടില്‍ ഷൗക്കത്ത്, സഹോദരന്‍ ഹുസൈന്‍ എന്നിവരുടെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച കരിങ്കല്‍ കെട്ടാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞത്. കെട്ടിന്റെ അവേശേഷിക്കുന്ന ഭാഗം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ്.
ഭിത്തിയില്‍ വ്യാപകമായി വിള്ളല്‍ വീണത് വീട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. കനത്ത മഴയില്‍ റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു.  പോത്തുകല്‍ പഞ്ചായത്തിലെ വെള്ളിമുറ്റംമുരുകാഞ്ഞിരം റോഡാണ് തകര്‍ച്ചയിലായത്. അപകടഭീഷണിയെ തുടര്‍ന്ന് റോഡിലെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇഴുകത്തോടിന് കുറുകെയുള്ള പാലത്തിന്റെ അപ്രോച്ചായി നിര്‍മിച്ച സംരക്ഷണഭിത്തി തകര്‍ന്നതോടെ റോഡില്‍ വ്യാപകമായി വിള്ളല്‍ രൂപപ്പെട്ടിരിക്കുകയാണ്. സ്‌കൂള്‍ വാഹനങ്ങളും മറ്റ് ഹെവി വാഹനങ്ങളും കടന്നുപോവുന്ന പാതയാണിത്. തകര്‍ച്ച കാരണം റോഡിന്റെ പകുതിഭാഗം അപായ സൂചകം സ്ഥാപിച്ച് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് നാട്ടുകാര്‍. മുരുകാഞ്ഞിരം, വെണ്ടേക്കുംപൊട്ടി, മുട്ടിപ്പാലം, പാതാര്‍, മലാംകുണ്ട് പ്രദേശത്തുകാര്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ പോത്തുകല്ലിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗമാണിത്. അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കില്‍ റോഡ് പൂര്‍ണമായും ഇടിയുമെന്നതിനാല്‍ അധികൃതര്‍ അനുകൂല നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top