ശക്തമായ നടപടിയെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: മല്‍സ്യങ്ങളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് മന്ത്രി കെ കെ ശൈലജ. എല്ലാ ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കും. മാര്‍ക്കറ്റുകളിലും പരിശോധന നടത്തും.
എറണാകുളത്തെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തുമ്പോള്‍ ഫോര്‍മാലിന്റെ അളവ് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ കേസെടുക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബിലുള്ള വിദഗ്ധ പരിശോധനയിലും ഫോര്‍മാലിന്‍ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
പല വാഹനങ്ങളിലും എവിടെനിന്നാണ് ഈ മല്‍സ്യം കൊണ്ടുവരുന്നതെന്ന് വ്യക്തമായ രേഖകളില്ല. അതിനാല്‍ ഡ്രൈവര്‍ക്കെതിരേയും കേസെടുക്കും. അങ്ങനെ മല്‍സ്യം കയറ്റിവിട്ട സ്ഥലം മുതല്‍ എല്ലാവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ആവശ്യമെങ്കില്‍ പോലിസിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നതാണ്.
കര്‍ശന ശിക്ഷയാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലുള്ളത്. 6 മാസം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റം. ബോട്ട് മാര്‍ഗം വരുന്ന മല്‍സ്യങ്ങളും പരിശോധിക്കുന്നതാണ്. ഇടനിലക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഫോര്‍മാലിന്‍ കണ്ടെത്തിയ മല്‍സ്യം കൊണ്ടുവന്ന സ്ഥലത്തേക്ക് തിരിച്ചയച്ച് അവിടെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഉറപ്പുവരുത്താനായി അതത് സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണറെയും സ്ഥലത്തെ ഉദ്യോഗസ്ഥനെയും അറിയിക്കുകയും ആ മല്‍സ്യം എന്തു ചെയ്തുവെന്ന റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്യും. ഫ്രീസറില്ലാതെ വരുന്ന വാഹനങ്ങളിലെ മല്‍സ്യങ്ങള്‍ ഇവിടെ പിടിച്ചിട്ടാല്‍ അത് അഴുകി കേരളത്തില്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top