ശക്തമായ കാറ്റ്; പട്ടാമ്പിയില്‍ മരങ്ങളും വൈദ്യുതി പോസ്റ്റും കടപുഴകി

പട്ടാമ്പി: പട്ടാമ്പി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശം. മുതുതല, തിരുവേഗപ്പുറ, കൊപ്പം, നെടുങ്ങോട്ടൂര്‍ റോഡ്, വള്ളൂര്‍, ശങ്കരമംഗലം പ്രദേശങ്ങളിലാണ്  വന്‍ നാശ നഷ്ടങ്ങളുണ്ടായത്. വന്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു. വള്ളൂര്‍ കൊടകാട്ടില്‍ ഗോപിനാഥന്‍, വേലൂര്‍ത്തൊടി സേതുമാധവന്‍, കുന്നുമ്മേല്‍ ദാസന്‍, കുണ്ടുകാട്ടില്‍ കുഞ്ഞലവി എന്നിവരുടെ സ്ഥലത്താണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.
മരം കടപുഴകി വീണു വീടുകള്‍ക്കും മറ്റു വസ്തുവഹകള്‍ക്കും നാശം സംഭവിച്ചു. കൊടകാട്ടില്‍ ഗോപിനാഥന്റെ  വീട്ടു പറമ്പിലെ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.
വൈദ്യുത കാല്‍മറിഞ്ഞതിനെ തുടര്‍ന്ന് കമ്പി പൊട്ടിയത് കൊണ്ട് പൊടുന്നനെ വൈദ്യുതി നിലച്ചതിനാല്‍ വന്‍ വിപത്ത് ഒഴിവായി.  ശങ്കരമംഗലം  വള്ളൂര്‍ റൂട്ടില്‍ റോഡരികില്‍ നിന്നിരുന്ന വന്‍ മരം കടപുഴകി വീണു. റോഡിന് എതിര്‍വശത്തേക്ക് വീണതിനാല്‍  ദുരന്തം വഴി മാറി. വള്ളൂരില്‍ റോഡിലേക്ക് വീണ മരം ഉടന്‍ തന്നെ നാട്ടുകാര്‍ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
വൈകുന്നേരം അഞ്ചു മണി യോടുകൂടിയാണ്  ശക്തമായ കാറ്റും മഴയും താണ്ഡവമാടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളപായമൊന്നും സംഭവിച്ചില്ലെന്ന ആശ്വാസത്തിലാണ് കെടുതിക്കിരയായവര്‍.

RELATED STORIES

Share it
Top