ശക്തമായ കാറ്റ്; നാലുവീടുകള്‍ക്ക് നാശം

ഇരിട്ടി: മഴയോടൊപ്പം ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ കാക്കയങ്ങാട് ആയിച്ചോത്ത് മൂന്നു വീടുകള്‍ക്ക് നാശം. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. റോഡരികിലെ അപകടഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ കടപുഴകി വീണാണ് മൂന്നു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.
കയ്യാലക്കകത്ത് നാരായണിയുടെ വീടിന്റെ ഓടുകള്‍ പറന്നുപോയി. വളയങ്ങാടന്‍ സുരേന്ദ്രന്‍, ചേണാല്‍ ബെന്നി, കല്യാണി, രാജഷ്, ശരത് എന്നിവരുടെ വീടിനു മുകളിലാണ് മരം കടപുഴകിയത്. മുഴക്കുന്ന് പോലിസും പേരാവൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുനീക്കി. അല്‍പനേരം പേരാവൂര്‍-കാക്കയങ്ങാട് റോഡില്‍ ഗതാഗതം തടസപ്പെട്ടു. അപകടമുണ്ടായ സ്ഥലങ്ങള്‍ സണ്ണി ജോസഫ് എംഎല്‍എ, മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് സന്ദര്‍ശിച്ചു.
ഇരിക്കൂര്‍: മഴയിലും കാറ്റിലും ഇരിക്കൂര്‍ കോളോട്ട് വീടു തകര്‍ന്നു. തട്ടില്‍ ചിറമ്മല്‍ പാതയോരത്തെ പാറക്കണ്ടി ദേവിയുടെ വീടാണ് തകര്‍ന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. കുളിമുറിയും അടുക്കളയും വിറകുപുരയും മേല്‍ക്കൂരയോടൊപ്പം നിലംപൊത്തി. ഓടുകളും കഴുക്കോലുകളും നിലത്തുവീണു.
മണ്‍കട്ടയില്‍ നിര്‍മിച്ച വീടിന്റെ ചുമരുകള്‍ക്ക് വിള്ളലുണ്ടായി. അപകടസമയം വീട്ടില്‍ ദേവിയടക്കം കുടുംബാംഗങ്ങള്‍ എട്ടുപേര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് മെംബര്‍ പി പി നസീമ, ബ്ലോക്ക് മെംബര്‍ സി രാജീവന്‍, വില്ലേജ് ഓഫിസര്‍ സി കെ നാരായണന്‍, ബിഎല്‍ഒ മടവൂര്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top