ശക്തമായ കാറ്റില്‍ വ്യാപകനാശം

മാത്തോട്ടം: അരക്കിണര്‍, നടുവട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കൊടുങ്കാറ്റ്. ഇന്നലെ രാവിലെ മുതലാണ് കാറ്റ് ആഞ്ഞു വീശിയത്. മാത്തോട്ടത്ത് വനം വകുപ്പിന്റെ വനശ്രീയില്‍ നിന്നുള്ള മരം വീണ് മാത്തോട്ടത്തെ ബസ് സ്‌റ്റോപ്പും മതിലും തകര്‍ന്നു.
വൈകീട്ട് വീശിയടിച്ച ശക്തിയായ കാറ്റിലും മഴയിലും മാവ് മരം കടപുഴകി വീടിന്റെ ടെറസില്‍ പതിച്ചു. ബിസി റോഡിന് തെക്കുഭാഗത്ത് പെരുനിലത്ത് രണ്‍ജിത്തിന്റെ ടെറസ് വീടാണ് മരം വീണ് പൊട്ടി തകര്‍ന്നത്. വീടിന് മുകളില്‍ മരം വീണപ്പോഴുണ്ടായ വന്‍ ശബ്ദം കേട്ടയുടനെ രഞ്ജിത്തിന്റെ ഭാര്യ സബിതയും മകള്‍ നന്ദനയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വില്ലേജ് ഓഫീസര്‍  ഉമേഷിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റെയര്‍കെയ്‌സും ജനലും പൂര്‍ണ്ണമായും പൊട്ടിത്തകര്‍ന്നു. കോണ്‍ക്രീറ്റ് ബീം വീടിന്റെ അകത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ശക്തമായ കാറ്റ്; ആശുപത്രിക്ക് മുകളില്‍ മരം വീണു
താമരശ്ശേരി: കനത്ത കാറ്റില്‍ താമരശ്ശേരി താലൂക്കാശുപത്രി കോംപൗണ്ടിലെ ആല്‍മരം കടപുഴകി വീണു കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കുട്ടികളടെ വാര്‍ഡിനു മുകളിലേക്കാണ് മരം വീണത്. ശബ്ദം കേട്ടതോടെ കുട്ടികളും രക്ഷിതാക്കളും മറ്റും ഓടി രക്ഷപ്പെട്ടു. ഈ കെട്ടിടത്തിന്റെ മേല്‍കൂരയും കാറ്റില്‍ പാറിപ്പോയി. മുക്കത്തു നിന്നും അഗ്നി ശമന വിഭാഗവും നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റി. കനത്ത മഴയിലും കാറ്റിലും താമരശ്ശേരി മേഖലയില്‍ വ്യാപകമായി മരങ്ങള്‍ വീണു വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇതോടെ മേഖലയില്‍ വൈദ്യുതി മുടക്കവും പതിവായിട്ടുണ്ട് ആവശ്യത്തിനു ജീവനക്കാരില്ലാത്തത് താമരശ്ശേരി സെക്ഷനെ ഏറെ പ്രതിസന്ധിയിലാക്കുന്നതായി ജീവനക്കാര്‍ പരാതിപ്പെടുന്നു. വൈദ്യുതി മുടങ്ങുന്നതോടെ പരാതി പ്രളയത്തിനു മറുപടി പറയാനാവാതെ അധികൃതര്‍ കുഴങ്ങുന്നതായും ജീവനക്കാര്‍ വ്യക്തമാക്കുന്നു. അവധി റദ്ധാക്കിയും പലരും ജോലിക്കെത്തുന്നതായും അവര്‍ പറയുന്നു.

RELATED STORIES

Share it
Top