ശക്തമായ കാറ്റില്‍ ചങ്ങരംകുളത്ത് വ്യാപക നാശം; ഗതാഗതം മുടങ്ങി

എടപ്പാള്‍: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ പന്താവൂര്‍ മേഖലയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വിണ് ഗതാഗതം മുടങ്ങി, കൃഷിനാശവും വൈദ്യുതി,കേബിള്‍ ടിവി ലൈനുകളും തകര്‍ന്നു. രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. വളയംകുളത്ത് പൂമരത്തിലെ ദേശാടനക്കിളികളുടെ കൂടുകള്‍ കാറ്റില്‍ നിലത്ത് വീണു. പത്തോളം കുഞ്ഞിക്കിളികള്‍ ചത്തു. പകുതിയിലധികവും വാഹനങ്ങള്‍ കയറിയാണ് ചത്തത്. പെരുമുക്ക് കിഴക്കേവളപ്പില്‍ ഷാനുവിന്റെ വീടിനു മുകളിലേയ്ക്ക് മരം വീണു.
വടിക്കത്തേതില്‍ മൊയ്തുണ്ണിയുടെ വീടിന്റെ ഓടുകള്‍ പറന്ന് പോയി.  പറമ്പിലെ വാഴക്കൃഷി ഒടിഞ്ഞ് വീണു. കഴുങ്കില്‍ ഫാത്തിമ്മയുടെ വീടിന്റെ ഓട് തകര്‍ന്നു വീണു.നെല്ലിയത്ത് അബ്ദുല്‍ റസാഖിന്റെ വാഴയും തെങ്ങുകളും ഒടിഞ്ഞ് വീണു. വടിക്കത്തതില്‍ മൊയ്തുട്ടിയുടെ വീടിന്റെ ഓട് തകര്‍ന്നു. മാളിക്കല്‍ ഷിഹാബ്, സഹോദരന്‍ കരീം എന്നിവരുടേയും വീടിന് കേടുപാടുകള്‍ സംഭവിച്ചു.
കിഴക്കേവളപ്പില്‍ മുഹമ്മദ് കുട്ടിയുടെ നൂറോളം വാഴകളും 25 ഓളം തെങ്ങ്, 200 കവുങ്ങുകളും ഒടിഞ്ഞു വീണു. കിഴക്കേതില്‍ കുഞ്ഞാപ്പ, മഞ്ഞക്കാട്ട് അപ്പു, കൊണ്ടകത്ത് ദാമോദരന്‍ എന്നിവരുടെ വീടിന് മുകളില്‍  മരങ്ങള്‍ പൊട്ടിവീണു.
മുത്തൂരില്‍ തെക്കിനിയത്ത് ഫിറോസ് മുഹമ്മദിന്റെ വീടിന്റ ഓടുകള്‍ പൂര്‍ണമായി പറന്നു പോയി, വീട്ടിലെ ഭക്ഷ്യധാന്യവും കുട്ടികളുടെ പാഠപുസ്തകവും വസ്ത്രങ്ങളും വെള്ളത്തിലായി. പാറപ്പറമ്പില്‍ മുഹമ്മദ്, ശ്രീനി വാരനാട്ട് എന്നിവരുടെ വീടിന്റ ഓടുകള്‍ വീണു. മുത്തൂര്‍ കുളക്കുന്നത്ത് രത്‌നത്തിന്റെയും വെട്ടിക്കാട്ട് അബ്ദുള്‍ ഖാദറിന്റെയും തൊടിയിലെ കവുങ്ങ്, തെങ്ങ്, വാഴ എന്നിവ നശിച്ചു. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വാര്‍ഡ് അംഗം അലി പെരുവിങ്ങല്‍ അറിയിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെഎസ്ഇബിയെ വിവരം അറിയിക്കാന്‍ എഇ അറിയിച്ചു.

RELATED STORIES

Share it
Top