ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകന്‍

മരട്: അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ കുമ്പളത്ത് ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയം പേരൂര്‍ മാവട വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തളയുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതിനു പിന്നാലെ കൊലപ്പെടുത്തിയത് മകളുടെ കാമുകനായ അടുത്തിടെ മരിച്ച സജിത്താണെന്ന് പോലിസ് കണ്ടെത്തി. ശകുന്തളക്ക് സ്‌കൂട്ടര്‍ അപകടം പറ്റിയതിനെ തുടര്‍ന്ന് 2016 സപ്റ്റംബര്‍ രണ്ടിന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടതു കണങ്കാലിന് ഓപറേഷന് വിധേയമാവുകയും തുടര്‍ന്ന് കാലിന് പ്ലാസ്റ്റര്‍ ഇട്ട് എരുവേലിയിലുള്ള വീട്ടില്‍ താമസിച്ചു വന്നിരുന്ന സമയത്ത് മകള്‍ അശ്വതിയും ശകുന്തളയും തമ്മില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് വഴക്ക് ഉണ്ടാക്കിയിരുന്നു.
ഈ സമയങ്ങളില്‍ സജിത്തും അശ്വതിയും തമ്മിലുള്ള ബന്ധം സജിത്തിന്റെ വീട്ടില്‍ അറിയിക്കുമെന്ന് ശകുന്തള പലപ്പോഴും പറഞ്ഞിരുന്നു. കാലിന് പ്ലാസ്റ്റര്‍ ഇട്ട് വീട്ടിലിരുന്ന സമയം ശകുന്തളക്ക് ചിക്കന്‍പോക്‌സ് വരുകയും ചെയ്തു. ശകുന്തള ശരിക്കും സജിത്തിന് ഒരു ബാധ്യതയായി മാറുകയും അവിഹിതം ബന്ധം സജിത്തിന്റെ വീട്ടില്‍ അറിയിക്കുമെന്ന ശകുന്തളയുടെ ഭീഷണിയും കൂടിയായപ്പോള്‍ ശകുന്തളയെ വക വരുത്താന്‍ തന്നെ സജിത്ത് തീരുമാനിച്ചു. അയല്‍വാസികളോട് ശകുന്തളയെ കോട്ടയത്തുള്ള ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോവുന്നുവെന്ന് പറഞ്ഞതിന് ശേഷം സജിത്ത് അശ്വതിയെയും കുട്ടികളെയും ഒരു ഹോട്ടലിലേക്ക് മാറ്റി. എരുവേലിയിലുള്ള വാടകവീട്ടില്‍ തനിച്ചായ ശകുന്തളയെ ആ വീട്ടില്‍ വച്ച് സജിത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. സജിത്തിന്റെ അവിഹിതബന്ധം അറിയാവുന്ന എരൂരുള്ള സുഹൃത്തായ ഓട്ടോക്കാരനോട് വീപ്പ സംഘടിപ്പിക്കണമെന്നും എരുവേലിയിലുള്ള വീട്ടിലുള്ളവര്‍ക്ക് ചിക്കന്‍പോക്‌സ് ആണെന്നും വെള്ളം പിടിച്ചുവയ്ക്കാനാണെന്നും വീപ്പ അവിടെ ഇറക്കി വച്ചിട്ട് പോന്നാല്‍ മതിയെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ഓട്ടോക്കാരന്‍ നീല കളറിലുള്ള വീപ്പ എരുവേലിയിലുള്ള വീടിന്റെ മുറ്റത്ത് ഇറക്കി വച്ചിട്ട് പോരുകയും ചെയ്തു. വീപ്പയുടെ പണംസജിത്ത് ഓട്ടോക്കാരന് കൊടുക്കുകയും തുടര്‍ന്ന് സജിത്ത് ശകുന്തളയുടെ മൃതദേഹം വീപ്പക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് അടച്ച് ഉറപ്പാക്കി വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം അടക്കം ചെയ്ത വീപ്പ ഡിസ്‌പോസ് ചെയ്യുന്നതിന് അഞ്ചുപേരെ ഏര്‍പ്പാടാക്കി. വേസ്റ്റുകളെല്ലാം വീപ്പക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്തതാണെന്നും വെള്ളമുള്ള സ്ഥലത്ത് വീപ്പ ഉപേക്ഷിക്കണമെന്നും പറ്റിയ സ്ഥലം കുമ്പളത്ത് പാം ഫൈബറിന്റെ ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്നുള്ള കുമ്പളം കായലാണെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇവരെ കൊണ്ട് വീപ്പ മിനിലോറിയില്‍ കയറ്റി സജിത്ത് അവരോടൊപ്പം വന്ന് കുമ്പളത്ത് പാംഫൈബറിന്റെ ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്നുള്ള കുമ്പളം കായലിന്റെ സൈഡില്‍ വീപ്പ തള്ളുകയായിരുന്നു. അതിനുശേഷം എരുവേലിയിലുള്ള വീട് ഉപേക്ഷിച്ച് സജിത്ത് കുരീക്കാട് കണിയാമല എന്ന സ്ഥലത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് അശ്വതിയുംകുട്ടികളും ഒന്നിച്ച് താമസിപ്പിക്കുകയും ആ വീട്ടില്‍ സജിത്ത് സ്ഥിരമായി വന്നുപോവുകയും ചെയ്തു. ഇതിനിടയില്‍ പാം ഫൈബര്‍ ഇന്‍ഡ്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഒഴിഞ്ഞ പറമ്പില്‍ ജെസിബി ഉപയോഗിച്ച് ക്ലീനിങ് ജോലി നടത്തുന്നതിനിടയില്‍ കായലില്‍ നീല നിറത്തിലുള്ള വീപ്പ ക്ലീനിങ് ജോലി ചെയ്ത തൊഴിലാളികള്‍ കണ്ടെത്തി. തൊഴിലാളികള്‍ക്ക് ഉപയോഗിക്കുന്നതിനായി ജെസിബി ഡ്രൈവറെകൊണ്ട്  കരയിലെടുത്ത് ഇടുകയും, വീപ്പയുടെ ഉള്‍ഭാഗം കോണ്‍ക്രീറ്റും ഇഷ്ടികയും ഉപയോഗിച്ച് നിറച്ചിരിക്കുന്നതായും കാണുകയും കോണ്‍ക്രീറ്റ് പൊട്ടിക്കാന്‍ നോക്കിയെങ്കിലും നടക്കാതെ വന്നതിനെ തുടര്‍ന്ന് വീപ്പ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് 2018 ജനുവരി എട്ടിന് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും വീപ്പക്കുള്ളില്‍ മനുഷ്യന്റെ അസ്ഥിക്കൂടമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ തൊട്ടടുത്ത ദിവസം സജിത്ത് ആത്മഹത്യ ചെയ്തു. ഹില്‍പാലസ് പോലിസ് സ്‌റ്റേഷനില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ സജിത്തിനോടൊപ്പം കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടക്കുകയാണെന്ന് പോലിസ് പറഞ്ഞു.
ശകുന്തളയുടെ മകളായ അശ്വതിയെ കേസില്‍ ചോദ്യം ചെയ്തു. എന്നാല്‍ മൊഴികളില്‍ വൈരുധ്യങ്ങള്‍ കാണപ്പെട്ടതിനാല്‍ അശ്വതിയെ നുണപരിശോധനയക്ക് വിധേയമാക്കുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. എസ്‌ഐ തിലക്‌രാജ്, എഎസ്‌ഐമാരായ വിനായകന്‍, ശിവന്‍കുട്ടി, എസ്‌സിപിഒ അനില്‍കുമാര്‍, സിപിഒ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്് അന്വേഷിക്കുന്നത്.

RELATED STORIES

Share it
Top