വ്യോമാക്രമണത്തില്‍ വൈറ്റ് ഹെല്‍മറ്റ് സംഘം കൊല്ലപ്പെട്ടുദമസ്‌കസ്: ഹമ പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ സിറിയ സിവില്‍ ഡിഫന്‍സിലെ വൈറ്റ് ഹെല്‍മറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തക സംഘത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ കഫര്‍ സിതയിലുള്ള വൈറ്റ് ഹെല്‍മറ്റ് കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി ഓടിക്കൂടിയ സാധാരണക്കാരും അപകടത്തിനിരയായി. പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സംഘടനയ്‌ക്കെതിരേയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. നേരത്തെ നിരവധി തവണ വൈറ്റ് ഹെല്‍മറ്റ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തിനിരയായിരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തതായും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതായും സംഘടന അറിയിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന അറിയിച്ചു.

RELATED STORIES

Share it
Top