വ്യോമാക്രമണം: നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ ഖുന്ദൂസ് പ്രവിശ്യയില്‍ മത പാഠശാലയ്ക്കു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഖുന്ദൂസിലെ ദസ്‌തേആര്‍ചി ജില്ലയിലായിരുന്നു അഫ്ഗാന്‍ സേനയുടെ വ്യോമാക്രമണം. 70ലധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജില്ലാ ഭരണവിഭാഗം ഉദ്യോഗസ്ഥന്‍ അറിയിച്ചു. സാധാരണക്കാര്‍ക്കു പുറമേ താലിബാന്‍ കമാന്‍ഡര്‍മാരും പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍പെടും.
താലിബാന്‍ കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഒമ്പത് കമാന്‍ഡര്‍മാരടക്കം 30 താലിബാന്‍ സായുധര്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. താലിബാന്‍ പരിശീലന കേന്ദ്രത്തിനു നേര്‍ക്കായിരുന്നു ആക്രമണമെന്നും അവിടെ സാധാരണക്കാരുടെ സാന്നിധ്യമില്ലായിരുന്നെന്നും മന്ത്രാലയം അവകാശപ്പെടുന്നു. എന്നാല്‍, ആക്രമണസമയത്ത് വിദ്യാലയത്തില്‍ താലിബാന്‍ പ്രവര്‍ത്തകരുണ്ടായിരുന്നെന്ന വാര്‍ത്ത സംഘടന നിഷേധിച്ചു. ആക്രമണത്തില്‍ മത പണ്ഡിതരും വിദ്യാര്‍ഥികളുമടക്കം 150 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും ഭൂരിപക്ഷവും കുട്ടികളാണെന്നും താലിബാന്‍ അറിയിച്ചതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
വിദ്യാലയത്തില്‍ ധാരാളം സാധാരണക്കാരായിരുന്നു ആക്രമണ സമയത്തുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. കുട്ടികള്‍ക്കായുള്ള മല്‍സരങ്ങളുടെ പുരസ്‌കാരവിതരണ ചടങ്ങ് നടക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ദൃക്‌സാക്ഷിയായ മുഹമ്മദ് അബ്ദുല്‍ ഹഖ് അറിയിച്ചു. 100ലധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികളില്‍ ചിലര്‍ അറിയിച്ചു. പ്രദേശത്ത് താലിബാന്‍ സാന്നിധ്യമുണ്ടെങ്കിലും വിദ്യാലയത്തിലെ പുരസ്‌കാരദാന ചടങ്ങില്‍ കുട്ടികളടക്കമുള്ള സാധാരണക്കാരാണുണ്ടായിരുന്നതെന്നും അവര്‍ അറിയിച്ചു. സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ ഞാന്‍ ഒരു ഭീകരവാദിയല്ലെന്ന ഹാഷ്ടാഗിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

RELATED STORIES

Share it
Top