വ്യാപാര സ്ഥാപനത്തില്‍ സിപിഎം പത്രം നിര്‍ബന്ധമാക്കിയതിനെതിരേ പ്രതിഷേധം

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ കയറി സിപിഎം നേതാക്കളും പഞ്ചായത്ത് പ്രസിഡന്റും നിര്‍ബന്ധിച്ച് പാര്‍ട്ടി പത്രം എടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ ഒരാഴ്ചക്കുള്ളില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. വെള്ളറക്കാട് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്തിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി സെക്രട്ടറിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ വി കെ രഘുസ്വാമി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം പ്രസിഡന്റ് ലിബിന്‍ കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷനേതാവ് പി സി ഗോപാലകൃഷ്ണന്‍, എ കെ റസാഖ്, സി വി മുത്തു സംസാരിച്ചു.

RELATED STORIES

Share it
Top