വ്യാപാര സ്ഥാപനത്തിലെ ആക്രമണം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

പാലാ: ക്രിസ്മസ് തലേന്ന് പടക്കം ചോദിച്ചെത്തിയ യുവാക്കളടങ്ങിയ ഗുണ്ടാസംഘം കടയുടമയെയും മകനെയും മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കൂടി പോലിസ് പിടിയില്‍.
വെള്ളാപ്പാട് പൂവേലിത്താഴെ മനു ജോണി (24), മീനച്ചില്‍ തെങ്ങുംതോട്ടം പറമ്പത്തേട്ട് സന്ദീപ് ജി നായര്‍ (23), തെങ്ങുംതോട്ടം കോടിക്കാട്ട് രാഹുല്‍ ബാബു (25), വെള്ളാപ്പാട് പൂവേലിത്താഴെ ബിനു ജോണി (21), മുണ്ടുപാലം വള്ളിക്കാട്ടില്‍ അഖില്‍ രാജു (21) എന്നിവരെയാണ് ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തത്.
പാലാ സിഐ രാജന്‍ കെ അരമന, എസ്‌ഐ അഭിലാഷ് കുമാര്‍, ഷാജി ബൈജു, സുനില്‍ കുമാര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പാലാ വെള്ളപ്പാട് പോളശേരി വീട്ടില്‍ വിനീത് (26), പാലാ വെള്ളാപ്പാട് പുളിക്കണ്ടത്തില്‍ വീട്ടില്‍ സാജൂ (25) എന്നിവരെ നേരത്തെ പോലിസ് പിടികൂടിയിരുന്നു. ഇതോടെ സംഭവത്തില്‍ ഏഴ് പേര്‍ പിടിയിലായിട്ടുണ്ട്.
ക്രിസ്മസ് തലേന്ന് രാത്രി 11ഓടെ പാലാ നഗരത്തില്‍ കുരിശുപള്ളി ജങ്ഷന് സമീപം പടക്കകട നടത്തിയിരുന്ന തോട്ടുങ്കല്‍ സ്റ്റോഴ്‌സിന് നേരെയായിരുന്നു ആക്രമണം. കട അടച്ച സമയത്ത് മദ്യലഹരിയില്‍ കടയിലെത്തിയ യുവാക്കള്‍ പടക്കം ആവശ്യപ്പെടുകയായിരുന്നു.
യുവാക്കളെ കണ്ട് പന്തികേട് തോന്നിയ കടയുടമ സാജൂ കടയടച്ചെന്നും പടക്കം നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ സാജൂവിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. കട അടിച്ച് തകര്‍ക്കാനും അക്രമികള്‍ തുനിഞ്ഞു. അക്രമം നടത്തിയവര്‍ക്കെതിരേ യുവാവിന്റെ പരാതിയില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

RELATED STORIES

Share it
Top