വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണം കവരുന്ന മോഷ്ടാവ് അറസ്റ്റില്‍

ചാലക്കുടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളും പ്രായമായവരും മാത്രം ജോലി നോക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം കവരുന്ന അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. മല്ലപ്പിള്ളി കൈപറ്റ ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജ്(42)നെയാണ് പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തത്. വ്യാപാര സ്ഥാപനങ്ങളിലെത്തി മുതലാളി പറഞ്ഞാണ് വരുന്നതെന്നറിയിച്ച് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടി മുങ്ങുകയാണ് ഇയാളുടെ രീതിയെന്ന് പോലിസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കെഎസ്ആര്‍ടിസി റോഡിലെ യുണൈറ്റഡ് ന്യൂ ഇന്‍ഷൂറന്‍സ് ഓപീസിലെത്തി ഷാലറ്റ് ഉണ്ണി എന്ന സ്ത്രീയുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്ത കേസ്സിലാണ് അറസ്റ്റ്. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വ്യത്യസ്തമായ മോഷണ രീതിയാണ് ഇയാളുടേയതെന്ന് പോലിസ് പറഞ്ഞു. മാന്യമായ വേഷം ധരിച്ചെത്തി മോഷണം നടത്താന്‍ ഉദ്യേശിക്കുന്ന സ്ഥാപനങ്ങളിലെത്തി  ഉടമയുടെ പേരും ഫോണ്‍ നമ്പറും സംഘടിപ്പിച്ച് ഉടമയില്ലാത്ത സമയം നോക്കി ഉടമയുടെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം പണം കവരുകയാണ് ഇയാളുടെ രീതി. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മോഷണ കേസ്സുകളില്‍ നിരവധി തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മോഷണത്തില്‍ നിന്നും ലഭിക്കുന്ന പണം ആര്‍ഭാഡ ജീവിതം നയിക്കാനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലായി പ്രതിയുടെ പേരില്‍ ഇരുപതോളം കേസ്സുകള്‍ നിലവിലുണ്ട്.

RELATED STORIES

Share it
Top