വ്യാപാര യുദ്ധം ശക്തമാക്കി യുഎസും ചൈനയും

ന്യൂയോര്‍ക്ക്: യുഎസ്-ചൈന വ്യാപാര യുദ്ധത്തിനുള്ള സാധ്യത നിലനില്‍ക്കേ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ഇരു രാജ്യങ്ങളും. യുഎസില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുന്നതായി ചൈന പ്രഖ്യാപിച്ചു. യുഎസില്‍ നിന്നുള്ള 128 ഉല്‍പന്നങ്ങള്‍ക്ക് ചൈന 25 ശതമാനം വരെയാണ് ഇറക്കുമതിച്ചുങ്കം കൂട്ടിയത്. ഭക്ഷ്യധാന്യങ്ങളും വൈനും മാംസഭക്ഷണവുമടക്കമുള്ള ഉല്‍പന്നങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഇതിനു പിറകേ ചൈനയില്‍ നിന്നുള്ള സാങ്കേതികവിദ്യാ ഉപകരണങ്ങളുടെ വര്‍ധിപ്പിച്ച നികുതി ഈ വാരം പ്രഖ്യാപിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
300 കോടി ഡോളര്‍ വരുന്ന യുഎസ് ഇറക്കുമതിയെയാണ് ചൈനയുടെ ഇറക്കുമതിച്ചുങ്ക വര്‍ധന ബാധിക്കുക. യുഎസിന്റെ നികുതി പരിഷ്‌കരണം കാരണം ചൈനയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാനാണ് ഈ നീക്കമെന്നു ചൈന വ്യക്തമാക്കി. നേരത്തേ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു.
5000 മുതല്‍ 6000 വരെ കോടി ഡോളറിന്റെ ചൈനീസ് ഉല്‍പന്നങ്ങളെ ലക്ഷ്യംവച്ചാണ് യുഎസ് പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ചൈനയുടെ മെയ്ഡ് ഇന്‍ ചൈന 2025 പദ്ധതിയുടെ പരിധിയിലുള്‍പ്പെടുന്ന ഉല്‍പന്നങ്ങളും ഇതിലുള്‍പ്പെടുന്നു.
ഒരു കച്ചവടയുദ്ധത്തിന് തങ്ങള്‍ തയ്യാറല്ലെന്നും എന്നാല്‍, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയാണെങ്കില്‍ വെറുതെ ഇരിക്കില്ലെന്നും ചൈനീസ് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വ്യാപാര യുദ്ധത്തില്‍ വിജയിക്കാന്‍ യുഎസിന് എളുപ്പമാണെന്നു ഡോണള്‍ഡ് ട്രംപും പറഞ്ഞിരുന്നു.

RELATED STORIES

Share it
Top