വ്യാജ ഹലാല്‍ കട്ട്‌ : നഗരസഭ പോലിസില്‍ പരാതി നല്‍കുംമരട്: വിവാദമായ വ്യാജ ‘ഹലാല്‍ കട്ട്’ മാംസ വില്‍പന നടത്തിയ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദുചെയ്യാന്‍ മരട് മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനം. കണ്ണാടിക്കാടിനു സമീപത്തെ താറാവ് വില്‍പന കേന്ദ്രത്തിനെതിരേ പോലിസില്‍ പരാതി നല്‍കാനും ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. വൈസ് ചെയര്‍മാന്‍ ജബ്ബാര്‍ പാപ്പനയാണ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. നെട്ടൂര്‍ മുസ്‌ലിം പള്ളി മഹല്ല് കമ്മിറ്റിയുടെ വ്യാജ ലെറ്റര്‍ ഹെഡും സീലും നിര്‍മിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി മരടിലെ മാംസ വ്യാപാരി കൊച്ചിയിലെ സ്ഥാപനത്തിന് ഹലാല്‍ കട്ട്’എന്ന പേരില്‍ വ്യാജമായി മാംസം വില്‍പന നടത്തി വരികയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരനായ മരടിലെ സിപിഎം നേതാവിന്റെ മകനാണ് ഇടനിലക്കാരനായി നിന്നതെന്ന വിവരവും കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. രേഖകളില്‍ സംശയം തോന്നിയ വ്യാപാരസ്ഥാപന അധികൃതര്‍ നെട്ടൂര്‍ പള്ളിയുടെ മഹല്ല് കമ്മിറ്റിയെ സമീപിച്ച് പരിശോധന നടത്തിയപ്പോഴാണ് ഹലാല്‍ കട്ട് ‘ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് പനങ്ങാട് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെതിരേ തിങ്കളാഴച കൊച്ചി റേഞ്ച് ഐജിക്കും മഹല്ല് കമ്മിറ്റി രേഖാമൂലം പരാതി നല്‍കി. ഇതിനിടെ വ്യാജരേഖ നിര്‍മിച്ച് ‘ഹലാല്‍ കട്ട്’ ഇറച്ചി വില്‍പന നടത്തിയവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.  യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നാളെ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. ഇതിനിടെ, പരാതിയുമായി രംഗത്തുവന്ന മഹല്ല് കമ്മിറ്റിക്കാരെ പനങ്ങാട് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top