വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് കേസ് : അരലക്ഷം തട്ടിയ യുവാക്കള്‍ക്ക് തടവ്കണ്ണൂര്‍: വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു യുവാക്കളെ കോടതി ശിക്ഷിച്ചു. തളിപ്പറമ്പ് ചുഴലി ചിറയില്‍ ഹൗസില്‍ സുനില്‍കുമാര്‍ (36), പട്ടുവം അവരോത്ത് ഉമാദത്ത് (45) എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എം സി ആന്റണി മൂന്നരവര്‍ഷം കഠിന തടവിനും 7000രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവനുഭവിക്കണം. 2006 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ പ്യൂണെന്നു പറഞ്ഞാണ് രണ്ടാം പ്രതിയായ ഉമാദത്ത് പിന്നാക്ക വികസന കോര്‍പറേഷന്റെ കണ്ണൂര്‍ ശാഖയില്‍നിന്ന് 50,000 രൂപ വാങ്ങാന്‍ ജാമ്യം നിന്നത്. ഇതിനായി വ്യാജരേഖയുണ്ടാക്കി. പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് റവന്യൂ റിക്കവറിക്ക് അധികൃതര്‍ എത്തിയപ്പോഴാണ് പ്രതികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടത്. ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ടൗണ്‍ പോലിസാണ് കേസന്വേഷിച്ചത്. മൂന്നാം പ്രതി ചുഴലിയിലെ തമ്പാന്‍ വിചാരണവേളയില്‍ മരണപ്പെട്ടിരുന്നു.

RELATED STORIES

Share it
Top