വ്യാജ വാര്‍ത്ത: ജനം ടിവിയ്‌ക്കെതിരേ ഷാഫി പറമ്പില്‍ എംഎല്‍എ നിയമനടപടിയ്ക്ക്

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന് വ്യാജവാര്‍ത്ത കൊടുത്ത ജനം ടിവി ചാനലിനെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങി ഷാഫി പറമ്പില്‍ എംഎല്‍എ. രാജി വച്ച് ഒഴിഞ്ഞതിനെ കുറിച്ചാണ് പദവിയില്‍ നിന്ന് നീക്കിയെന്ന തരത്തില്‍ സത്യാവസ്ഥ അന്വേഷിക്കാതെ ചാനല്‍ വാര്‍ത്ത നല്‍കിയതെന്നും ഷാഫി പറമ്പില്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ജനം ടി.വിക്ക് നമോവാകം.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിനെതിരെ കേസ് ഫയല്‍ ചെയ്യും
ഇന്നലെ വൈകുന്നേരം ഒരു ഫോണ്‍കോള്‍ ..
എന്നെ യൂത്ത് കോണ്‍ഗ്രസ്സിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും കര്‍ണ്ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാരണമെന്നും
'ജനം' ടി.വി. യില്‍ ഒരു വാര്‍ത്ത. (അതിന്റെ ലിങ്കും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്).
വിളിച്ച ആളോട് പറഞ്ഞു അളിയാ ഞാന്‍ അത് രാജി വെച്ചതാ.
ഏതാണ്ട് 2 ആഴ്ചയായി.
പക്ഷെ വാര്‍ത്ത ഇങ്ങനെ വന്നിരിക്കുന്നു.
കുറച്ച് കഴിഞ്ഞ് ജനം ടി.വി യുടെ ഡല്‍ ഹി റിപ്പോര്‍ട്ടര്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ചിട്ട് ചോദിച്ചു ഈ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന്.. ചേട്ടാ വാര്‍ത്ത കൊടുത്ത ശേഷമാണോ ജനം ടി.വി. സത്യാവസ്ഥ അന്വേഷിക്കാറുള്ളതെന്നും ഞാനും ചോദിച്ചു.?
തിരുവനന്തപുരത്ത് നിന്ന് വിളിക്കാന്‍ പറയാം സാറിന് വേണമെങ്കില്‍ പ്രതികരിക്കാമെന്നവരുടെ മഹാമനസ്സ്..
ലവലേശം താല്‍പര്യം നിങ്ങളുടെ ചാനലില്‍ പ്രതികരിക്കാനില്ലെന്ന് ഞാനും അറിയിച്ചു.
കുറച്ച് കഴിഞ്ഞ് വേറെ ഒരു റിപ്പോര്‍ട്ടര്‍ സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു ആ സമയത്ത് വിളിച്ച് നോക്കി കിട്ടീല എന്ന്.. വാര്‍ത്ത എത്ര നേരം എന്ന് വെച്ചിട്ട ഹോള്‍ഡ് ചെയ്യാ ? അതോണ്ട് കൊടുത്തതാത്രെ.. ചെയ്യരുത് ഒരു സെക്കന്‍ഡ് പോലും ഹോള്‍ഡ് ചെയ്യരുത്.. പച്ചക്കള്ളമാണെങ്കില്‍ പരമാവധി വേഗം തന്നെ വാര്‍ത്ത കൊടുത്ത് നിങ്ങളെ പറ്റിയുള്ള സാമാന്യ ജനത്തിന്റെ പ്രതീക്ഷകളെ തെറ്റിക്കാതെ ആ നിലവാരത്തകര്‍ച്ച പ്രകടമാക്കണം. ഇനിയും കിട്ടാവുന്ന അവസരങ്ങളിലെല്ലാം..
ഒറ്റ അപേക്ഷയെ ഉള്ളൂ.. പറ്റാണെങ്കില്‍ ആ പേരൊന്നു മാറ്റണം.
വെറുതെ ജനത്തെ പറയിപ്പിക്കരുതല്ലോ...
ജനം ടിവി.യുടെ കള്ള പ്രചരണം തള്ളിക്കളഞ്ഞ ദേശീയ നേതൃത്വത്തിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
ജീവിതത്തില്‍ അദ്യമായി ഒരു വ്യാജ വാര്‍ത്തക്കും ചാനലിനുമെതിരെ കേസ് കൊടുക്കാനും തീരുമാനിച്ചു...

അപ്പൊ അങ്ങിനെ...

RELATED STORIES

Share it
Top