വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കോതമംഗലം: നവ മാധ്യമം വഴി സ്ത്രീകളെയും പൊതു പ്രവര്‍ത്തകരേയും സമൂഹത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും മൊബൈലില്‍ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ചൂണ്ടി ഇക്കരനാട് കദളിപ്പറമ്പില്‍ അജിന്‍ (39)നെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു.
സമീപകാലത്തു മതിരപ്പിള്ളി ഷോജി വധക്കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പോലിസ് ഉദ്യോഗസ്ഥരെയും പൊതു പ്രവര്‍ത്തകരെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും മറ്റ് ഗ്രൂപ്പുകളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിരാലമ്പരയാ സ്ത്രീകളുടെ ചിത്രവും മൊബൈല്‍ നമ്പറും സംഘടിപ്പിച്ചു ദുരുപയോഗം ചെയ്യുന്നതും പ്രതിയുടെ സ്ഥിരം പരിപാടിയായിരുന്നുവെന്ന് പോലിസ് പറയുന്നു. നിരവധി സമാന കേസുകളില്‍ ഇയാള്‍ പ്രതിയാണ്, മുന്‍പ് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
മാതിരപ്പിള്ളി സ്വദേശിയുടെ പരാതി പ്രകാരം സൈബര്‍ നിയമ പ്രകാരം കേസ് എടുക്കുകയും കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ മാത്യു, എസ്‌ഐ ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top