വ്യാജ ലക്ചറര്‍മാര്‍: കേന്ദ്ര മന്ത്രാലയത്തിന്റ വാദം കള്ളം

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ചതു വഴി 80,000 വ്യാജ ലക്ചറര്‍മാരെ തിരിച്ചറിഞ്ഞെന്ന മാനവ വിഭവശേഷി മന്ത്രാലയത്തിന്റ വാദം കള്ളമാണെന്നു തെളിഞ്ഞു. രാജ്യത്തെ വിവിധ സര്‍വകലാശാലയിലും കോളജുകളിലും 80,000 വ്യാജ ലക്ചറര്‍മാരുള്ള കാര്യം തിരിച്ചറിയാന്‍ ആധാര്‍മൂലം സര്‍ക്കാരിനു സാധിച്ചെന്ന് നാലുമാസം മുമ്പാണ് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ അവകാശവാദ ത്തിനു തെളിവായി ഒരു രേഖയും നല്‍കാന്‍ മന്ത്രാലയത്തിനു സാധിച്ചില്ല.
വിഷയവുമായി ബന്ധപ്പെട്ട് അഞ്ജലി ഭരദ്വാജ്, അമൃത ജോഹ്‌രി എന്നിവര്‍ വിവരാവകാശ നിയമപ്രകാരം പ്രത്യേകം നല്‍കിയ രണ്ട് അപേക്ഷകള്‍ക്കു മറുപടി നല്‍കാനും മന്ത്രാലയത്തിനു കഴിഞ്ഞില്ല. ഇത്തരം ലക്ചറര്‍മാരുടെ പേര്, അവര്‍ ജോലി ചെയ്യുന്ന കോളജ്, സര്‍വകലാശാല എന്നിവയുടെ സംസ്ഥാനം തിരിച്ചുള്ള വിവരങ്ങളാണ് അഞ്ജലി ഭരദ്വാജ് ആവശ്യപ്പെട്ടത്.
ഇത്തരം വ്യാജ ലക്ചറര്‍മാര്‍ക്കെതിരേ അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും അപരന്‍മാരായി ജോലി ചെയ്യുന്ന ലക്ചറര്‍മാരെ നിയമിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിച്ചോ എന്നുമാണ് അമൃത ജോഹ്‌രി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ ഡിപാര്‍ട്ട്‌മെന്റിനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. എന്നാല്‍, ഇരുവര്‍ക്കും മന്ത്രാലയം മറുപടി നല്‍കിയില്ല.
ഗുര്‍ജന്‍ വെബ്‌പോര്‍ട്ടലിനു വേണ്ടി ഓള്‍ ഇന്ത്യ ഹയര്‍ എജ്യൂക്കേഷന്‍ സര്‍വേ 2016-17 ന്റെ ഭാഗമായി അധ്യാപകരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നാണ് ഡിപാര്‍ട്ട്‌മെന്റ് അമൃത ജോഹ്‌രിക്ക് നല്‍കിയ മറുപടി. ഈ സര്‍വേയുടെ ഫലം പ്രകാശനം ചെയ്യുന്നതിനിടെയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ 80,000 ഗോസ്റ്റ് ലക്ചറര്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കള്ളം പറഞ്ഞത്. ഗുര്‍ജന്‍ പോര്‍ട്ടലിന്റെ വിവരം അനുസരിച്ച്, 85708 ഡ്യൂപ്ലിക്കേറ്റോ അസാധുവായതോ ആയ ആധാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഉന്നത വിദ്യാഭ്യാസ വിഭാഗം ഭരദ്വാജിനു നല്‍കിയ മറുപടി. എന്നാല്‍, വിവരാവകാശപ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്നായിരുന്നു പിന്നീട് മറുപടി നല്‍കിയത്.

RELATED STORIES

Share it
Top