വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ ഇനികുടുങ്ങും;കര്‍ശന നടപടിക്കൊരുങ്ങി പോലീസ്

തിരുവനന്തപുരം: വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി പോലീസ്. മാധ്യമപ്രവര്‍ത്തകരല്ലാത്തവര്‍ വാഹനങ്ങളിലും മറ്റും പ്രസ് എന്ന ബോര്‍ഡ് വെച്ച് സഞ്ചരിക്കുന്നതും വ്യാജ തിരിച്ചറിയല്‍കാര്‍ഡ് കൈവശം വെക്കുന്നതും വ്യാപകമായതോടെ പോലീസ് ഇത്തരം വ്യാജന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പത്രപ്രവര്‍ത്തകരുടെ സമൂഹത്തിലുള്ള അംഗീകാരങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യുന്നതായി ആഭ്യന്തര വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടിക്ക് പോലീസ് ഒരുങ്ങുന്നത്.ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം എല്ലാ ജില്ലാ പോലീസ് മേധാവികളേയും അധ്യക്ഷനാക്കി നിരീക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. എല്ലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഇത്തരം പ്രാദേശിക സമിതികളും നിലവില്‍ വരും. വിവിധ പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും മാസികകളിലും അംഗീകൃത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്ന ജില്ലാ ലേഖകന്‍മാരുടെ പട്ടിക ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയും പ്രാദേശിക ലേഖകരുടെ വിശദാംശങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയും ശേഖരിക്കും.
ഈ സമിതികളില്‍ മാധ്യമ പ്രവര്‍ത്തകരാണ് അംഗങ്ങള്‍. ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്ന പട്ടിക അനുസരിച്ച് മാത്രമേ പ്രസ് എന്ന ബോര്‍ഡ് വാഹനങ്ങളിലും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാനും പാടുള്ളൂ എന്ന് പോലീസ് വ്യക്തമാക്കുന്നു. ക്യാമറാമാന്‍മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കും.
മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍, വിനോദ പരിപാടികളിലെ അവതാരകര്‍ എന്നിവര്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉണ്ടായിരിക്കില്ല. ഇവര്‍ പ്രസ് എന്ന വ്യാജേന സഞ്ചരിച്ചാല്‍ നടപടി സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 121 എ, ബി വകുപ്പുകളും 84 സി വകുപ്പും അനുസരിച്ച് വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്നും ആഭ്യന്തര വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top