വ്യാജ ബില്ലിന്റെ മറവില്‍ തടികള്‍ കേരളത്തിലേക്ക് ; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെ വിപണികളിലെത്തിക്കുന്ന തടികള്‍ വ്യാജ ബില്ലിന്റെ മറവില്‍ വില്‍ക്കുന്നു. ഇതുവഴി സംസ്ഥാന ഖജനാവിലെത്തേണ്ട കോടികള്‍ നഷ്ടപ്പെടുന്നതായി കണക്കുകള്‍. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്ന റബര്‍ മരങ്ങളും പ്ലാവ്, യൂക്കാലി, മഹാഗണി, മാവ്, വട്ടമരം എന്നിവ അടക്കം വരുന്ന പാഴ്്ത്തടികളുമാണ് രജിസ്‌ട്രേഷനില്ലാത്ത വ്യാപാരികള്‍ വ്യാജ ബില്ലുകളുടെ മറവില്‍ വില്‍ക്കുന്നത്. പ്രധാനമായും പെരുമ്പാവൂര്‍, കണ്ണൂര്‍, കാസര്‍കോട് മാര്‍ക്കറ്റുകളിലാണു വില്‍പന. ഇവയ്ക്ക് 18 ശതമാനമാണ് ജിഎസ്ടി അടയ്‌ക്കേണ്ടത്.
ശരാശരി നൂറോ അതിലധികമോ ലോഡ് തടികള്‍ ഇത്തരത്തില്‍ ദൈനംദിനം കേരളത്തില്‍ വില്‍ക്കുന്നതായാണു കണക്ക്. ഒരു ലോഡില്‍ 15 മുതല്‍ 20 വരെ ടണ്‍ തടികളാണ് കയറ്റുന്നത്. പെരുമ്പാവൂര്‍ മാര്‍ക്കറ്റില്‍ ഏറ്റവും മുന്തിയ റബര്‍ തടി—ക്ക് ലോഡിന് ശരാശരി ഒരുലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെ ലഭിക്കും.
ജിഎസ്ടി നിലവില്‍ വന്നതോടെ അതിര്‍ത്തികളിലുണ്ടായിരുന്ന വാണിജ്യനികുതി വകുപ്പിന്റെ ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കപ്പെട്ടതോടെയാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ കോര്‍പറേഷനുകള്‍ക്കു കീഴിലുള്ള തടികള്‍ വ്യാജ ബില്ലുകളുടെ മറവില്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്. ചെറുകിട കര്‍ഷകരുടെ മറവില്‍ എത്തിക്കുന്നതിനാല്‍ ജിഎസ്്ടി വകുപ്പ് കാര്യമായ പരിശോധനയ്ക്കു മുതിരാറില്ല.

RELATED STORIES

Share it
Top