വ്യാജ പ്രചാരണങ്ങളില്‍ ദുഃഖിതനായി കളിവള്ളങ്ങളുടെ രാജശില്‍പി

ഹരിപ്പാട്: വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി ജലരാജാക്കന്മാരുടെ രാജശില്‍പി കോയില്‍മുക്ക് നാരായണന്‍ ആചാരിയുടെ മൂത്തമകനും നിരവധി കളിവള്ളങ്ങളുടെ ശില്‍പിയുമായ ഉമാമഹേശ്വരന്‍ (72). തേജസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ ചുണ്ടന്‍വള്ളങ്ങള്‍ ശരിയായ ഘടനയിലും വിജയിക്കുന്ന രീതിയിലും നിര്‍മിക്കുമ്പോള്‍ കരക്കാര്‍ക്കായി നിര്‍മിക്കുന്നവ മനസ്സിരുത്തി നിര്‍മിക്കുന്നില്ലെന്നും അതിനാലാണ് പരാജയങ്ങള്‍ സംഭവിക്കുന്നതെന്നുമാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്. തൊഴിലിലെ ആത്മാര്‍ഥത തന്റെ പിതാവ് പഠിപ്പിച്ചതാണെന്നും ഒന്നിനെ നന്നാക്കി മറ്റൊന്നിനെ മോശമാക്കുന്ന രീതി തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് 22 വയസുള്ളപ്പോഴാണ് അച്ഛനോടൊപ്പം വള്ളം നിര്‍മാണരംഗത്തേക്കു വരുന്നത്. അച്ഛന്‍ നിര്‍മിച്ച വള്ളത്തില്‍ പങ്കാളിയായി. അവ പലതവണ തന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിതു. 50 വര്‍ഷത്തിനുള്ളില്‍ തന്റെ നേതൃത്വത്തില്‍ 11 ചുണ്ടന്‍ വള്ളങ്ങളും നാല് വെപ്പ് വള്ളങ്ങളും നിര്‍മിച്ചു.
ഇതിനു പുറമേ ഇരുട്ടുകുത്തി എ, ബി ഗ്രേഡുകളിലായി രണ്ടും, തെക്കനോടി ഒന്നും, മലപ്പുറം, കാസര്‍കോട് ഭാഗങ്ങളിലായി അഞ്ച് വടക്കനോടിയും, ഓതറ പള്ളിയോടവും നിര്‍മിച്ചു. അവസാനം നിര്‍മിച്ച ഗബ്രിയേല്‍ ചൂണ്ടന്‍ കന്നിയങ്കത്തില്‍ തന്നെ നെഹ്‌റു ട്രോഫി നേടി. ഇവയെല്ലാം മനസ്സിരുത്തി സമര്‍പ്പണത്തിലൂടെ നിര്‍മിച്ചവയാണ്. പഴയ പുളിങ്കുന്ന് ചുണ്ടന്‍ നിര്‍മാണവേളയിലാണ് അച്ഛനോടൊപ്പം ഈ മേഖലയിലേക്കു കടന്നുവന്നതെന്നും ഉമാമഹേശ്വരന്‍ പറഞ്ഞു. തനിക്കെതിരേ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ഏറെ വേദനയുണ്ടെന്നും തൊഴില്‍ നല്‍കിയില്ലെങ്കിലും തനിക്കെതിരേയുള്ള കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷമായി തൊഴില്‍ ലഭിക്കാതെ വീട്ടില്‍ ദുഃഖിതനായി കഴിയുകയാണ് ഈ ജലരാജശില്‍പി.

RELATED STORIES

Share it
Top