വ്യാജ തേന്‍: കര്‍ശന നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം

നിലമ്പൂര്‍: ചോക്കാട് നാല് സെന്റ് കോളനിയില്‍ നിന്നും വ്യാജതേന്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍മാണ കേന്ദ്രത്തിനെത്തിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് തേന്‍ കര്‍ഷക സംഘം നിലമ്പൂര്‍ താലൂക്ക് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ചോക്കാട് നാല്‍പത് സെന്റിലെ റബ്ബര്‍ തോട്ടത്തിലെ വീട്ടില്‍ നിന്നും ഫുഡ് ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് 21 ബാരല്‍ പഞ്ചസാര ലായനി പിടിച്ചെടുത്തത്.
ഈ സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ തേനിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടുണ്ട്. തേനീച്ചകള്‍ക്ക് തീറ്റക്കുള്ള ലായനിയാണിതെന്നാണ് കേന്ദ്രം ഉടമയുടെ വാദം. എന്നാല്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് സാധാരണ പഞ്ചസാര ലായനി തേനിച്ചകള്‍ക്ക് തീറ്റയായി നല്‍കുന്നത്.
മറ്റു സമയങ്ങളില്‍ പുറമെ നിന്ന് യഥേഷ്ടം തീറ്റ തേനിച്ചകള്‍ക്ക് ലഭിക്കും. പഞ്ചസാര ലായനി കലക്കിവെച്ചാല്‍ തേനിച്ചകളെത്തി അവ ഭക്ഷിക്കുന്ന കാഴ്ച എപ്പോഴും കാണാവുന്നതാണ്. എന്നാല്‍ ഇവിടെ തേനിച്ചകളുടെയോ ഉറുമ്പുകളുടെയോ സാനിധ്യം ഉണ്ടായിരുന്നില്ല. അതുക്കൊണ്ട് തന്നെ കേന്ദ്രം ഉടമയുടെ ഈ വാദം പൊള്ളയാണ്.
കെമിക്കല്‍ എന്തെങ്കിലുമാവാനാണ് സാധ്യത. 3000 ലിറ്റര്‍ ലായനിയാണ് ഇവിടെ നിന്നും കണ്ടെടുത്തത്. പഞ്ചസാരയില്‍ ഇത്രയും ലായനി ഉണ്ടാക്കി തേനിച്ചകള്‍ക്ക് തീറ്റയായി നല്‍ക്കാന്‍ പതിനായിരം തേനിച്ചപെട്ടികളെങ്കിലും വേണം. എന്നാല്‍ ഇവിടെ തേനീച്ചപ്പെട്ടികളുള്ളതായി പോലും സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഈ കാര്യങ്ങളില്‍ നിന്നുതന്നെ ഇത് വ്യാജലായനിയാണെന്ന് ബോധ്യപ്പെടും.
50തിലേറെ തേനീച്ചകര്‍ഷകരാണ് താലൂക്കിലുള്ളത്. ഇവര്‍ ശേഖരിക്കുന്ന തേനിന്റെ ഭൂരിഭാഗവും പ്രാദേശികമായി തന്നെയാണ് വിറ്റഴിക്കുന്നത്. വ്യാജ ലായനി പിടിക്കപ്പെട്ടതോടെ തേന്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്.
തേനീച്ച വളര്‍ത്തി ഉപജീവനം നടത്തുന്ന യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഇത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. വ്യാജ ലായനി പിടിച്ചെടുത്ത സംഭവത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം.
വ്യാജലായനി കണ്ടെത്തിയ കേന്ദ്രം പരിശോധന ഫലം ലഭിക്കുന്നതുവരെ അടച്ചുപൂട്ടി സീല്‍ ചെയ്യാന്‍പോലും അധികൃതര്‍ തയ്യാറായിട്ടില്ല. കോഴിക്കോട് റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്കാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. പരിശോധനഫലം ലഭിക്കാന്‍ 15 ദിവസമെങ്കിലും എടുക്കും. അതുവരെ കേന്ദ്രം അടച്ചുപൂട്ടണമെന്ന് നിലമ്പൂര്‍ തേനീച്ച കര്‍ഷക സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ചേക്കൂട്ടി വണ്ടൂര്‍, മുജീബ് മമ്പാട്, അനീഷ് കാപ്പില്‍, ഇബ്രാഹീം സ്രാമ്പികല്ല്, അനു ചുങ്കത്തറ പങ്കെടുത്തു.

RELATED STORIES

Share it
Top