വ്യാജ ഡോക്ടര്‍ ചമഞ്ഞ് ചികില്‍സ; യുവാവും സഹായികളും അറസ്റ്റില്‍

കോങ്ങാട്: മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങളും വ്യാജമരുന്നുകളും നല്‍കി വിശ്വാസം നേടിയെടുത്ത് ഡോക്ടര്‍ ചമഞ്ഞ് ചികില്‍സ നടത്തിവന്ന യാവാവും സഹായികളും പോലിസിന്റെ പിടിയിലായി.
കോങ്ങാട് മണിക്കശ്ശേരി കോരമുണ്ട വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ മോഹന്‍ദാസ് (28) ആണ് വ്യാജ ചികില്‍സക്കിടെ പിടിയിലായത്. ഗ്രാമപ്രദേശങ്ങളില്‍ ഏജന്റുമാര്‍ വഴി ആളുകളെ ക്യാന്‍വാസ് ചെയ്ത് ഡോക്ടര്‍മാരെന്ന് തോന്നുംവിധം ഹെല്‍ത്ത് അനലൈസര്‍ എന്ന ഉപകരണവും, ലാപ് ടോപ്പ് വഴി ലിങ്ക് ചെയ്ത്, പരിശോധനക്കായി എത്തുന്നവരെ മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ കാണിച്ച് അസുഖം ഉണ്ടെന്ന് വരുത്തി വ്യാജ മരുന്നുകള്‍ നല്‍കി പണം തട്ടുന്നതാണ് പതിവ്.
അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ ചികില്‍സ നടത്തി വരുന്നു എന്നാണ് പരാതി. കഴിഞ്ഞ ദിവസം മണിക്കശ്ശേരിയില്‍ വ്യാജ ചികില്‍സ നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എകെ ഹരിദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പിവി സാജന്‍, സിസിമോന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന്  സ്ഥലത്തെത്തി പരിശോധന നടത്തിയത്. 500 രൂപയാണ് പരിശോധന ഫീസായി വാങ്ങിയിരുന്നു. മരുന്നുകള്‍ക്ക് 5000 രൂപയോളം വില ഈടാക്കിയിരുന്നു. ഇയാളുടെ വിദ്യാഭ്യാസ യോഗ്യതയും വ്യാജമാണെന്ന് ബോധ്യപ്പെട്ടു. രോഗികളെന്ന് ഇവര്‍ കണ്ടെത്തിയവര്‍ക്ക് കൊടുക്കാനായി പേരില്ലാത്ത കവറിലാക്കി വച്ചിരുന്ന മരുന്നുകളും കണ്ടെത്തി. ഇയാള്‍ക്ക് സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ധോണി സ്വദേശിയായ എംകെ വാറന്റെ മകന്‍ പ്രേകുമാര്‍ (47), പാലക്കാട് പുതുശ്ശേരി രാമശ്ശേരി സ്വദേശി ഇസ്മയില്‍ (37) എന്നിവരെയും പിടികൂടി. മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങള്‍, ലാപ് ടോപ്, പെന്‍ഡ്രൈവ്, രോഗികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പുസ്തകം എന്നിവയും നാട്ടുകാരുടെ സഹായത്തോടെ കോങ്ങാട് പോലിസില്‍ ഏല്‍പ്പിച്ചു.

RELATED STORIES

Share it
Top