വ്യാജ ഏറ്റുമുട്ടല്‍: മേജര്‍ ജനറല്‍ അടക്കം ഏഴു സൈനികര്‍ക്കു ജീവപര്യന്തം

ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മേജര്‍ ജനറല്‍ അടക്കം ഏഴു സൈനിക ഓഫിസര്‍മാര്‍ക്ക് ജീവപര്യന്തം തടവ്. അസമില്‍ 24 വര്‍ഷം മുമ്പു നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസിലാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്.
മേജര്‍ ജനറല്‍ എ കെ ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍ എസ് സിബിരേന്‍, ക്യാപ്റ്റന്‍ ദിലീപ് സിങ്, ക്യാപ്റ്റന്‍ ജഗ്ദിയോ സിങ്, നായിക്മാരായ അല്‍ബിന്ദര്‍ സിങ്, ശിവേന്ദര്‍ സിങ് എന്നിവരെയാണ് ശിക്ഷിച്ചത്. വ്യാജ ഏറ്റുമുട്ടലില്‍ അഞ്ചുപേരെ വധിച്ച സംഭവത്തിലാണു ശിക്ഷ.
അസമിലെ തിന്‍സൂക്കിയ ജില്ലയില്‍ 1994 ഫെബ്രുവരി 18നാണു കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒമ്പത് പേരെ സൈന്യം പിടികൂടിയിരുന്നു. ഒരു തേയില എസ്‌റ്റേറ്റ് മുതലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ പേരിലായിരുന്നു ഇവരെ പിടികൂടിയത്. അസമിലെ സായുധ വിഭാഗമായ യുഎല്‍എഫ്എ അംഗങ്ങളാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതില്‍ അഞ്ചുപേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. മറ്റു നാലു പേരെ പിന്നീട് വിട്ടയച്ചു. 2018 ജൂലൈ 16നു കോടതി നടപടികള്‍ ആരംഭിച്ച് ജൂലൈ 27ന് പൂര്‍ത്തിയായി. ശനിയാഴ്ചയാണ് കോടതി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.RELATED STORIES

Share it
Top