വ്യാജ ഏറ്റുമുട്ടല്‍ കേസ്: മണിപ്പൂര്‍ പോലിസിനെ പിന്തുണച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ പോലിസും സുരക്ഷാസേനയും നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നത് ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ ബെഞ്ചില്‍ നിന്ന് പിന്‍വലിക്കണമെന്ന പ്രതികളായ പോലിസുകാരുടെ ആവശ്യത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, കേസില്‍ കോടതിയെ സഹായിക്കുന്ന അമിക്കസ്‌ക്യൂറിയും ഹരജിക്കാരും ഇതിനെ എതിര്‍ത്തു.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയ, കുറ്റപത്രത്തില്‍ പേരുള്ള പോലിസുകാരെ 'കൊലയാളികള്‍' എന്ന് ബെഞ്ച് പരാമര്‍ശിച്ചതാണ് കേന്ദ്രസര്‍ക്കാരിനെയും കുറ്റവാളികളായ പോലിസുകാരെയും ചൊടിപ്പിച്ചത്.
കോടതിയുടെ ഈ പരാമര്‍ശം സായുധാക്രമണം നടക്കുന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ 'പൂര്‍ണമായും വിറപ്പിച്ചിരിക്കുന്നു' വെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
സിബിഐയുടെ പ്രത്യേക അന്വേഷണസംഘം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന കേസിന്റെ വാദം ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചിലാണ് നടക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നത് ഈ ബെഞ്ചില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികളായ ഒരു കൂട്ടം പോലിസുകാര്‍ നല്‍കിയ ഹരജിയെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയത്.
എന്നാല്‍, ജൂലൈ 30ന് നടന്ന വാദത്തിനിടെ സിബിഐ ഡയറക്ടറുമായി ബെഞ്ച് നടത്തിയ ചര്‍ച്ചയ്ക്കിടെ ബെഞ്ച് വാക്കാല്‍ നടത്തിയ പരാമര്‍ശമായിരുന്നു ഇതെന്നും ഇത് ഏതെങ്കിലും ഒരു വ്യക്തിയെ നിയുക്തമായോ ലാക്കാക്കിയോ ഉപയോഗിച്ചതല്ലെന്നുമാണ് ബെഞ്ച് വ്യക്തമാക്കിയത്.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ഇരയായവരുടെ ബന്ധുക്കള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസും ഈ കേസില്‍ കോടതിയെ സഹായിക്കുന്ന അമിക്കസ്‌ക്യൂറി അഡ്വ. മേനക ഗുരുസ്വാമിയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആവശ്യത്തെ കോടതിയില്‍ ശക്തമായി എതിര്‍ത്തു.

RELATED STORIES

Share it
Top