വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി തട്ടിപ്പ്: യുവതി അറസ്റ്റില്‍

കണ്ണൂര്‍: വ്യാജ വാഹന ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ചമച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ട്രെയിനിങ് സ്‌കൂളിന് സമീപം യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്‍സി നടത്തിപ്പുകാരിയായ എളയാവൂര്‍ സൗത്ത് പുതിയ കോട്ടത്തിനടുത്ത കൊട്ടഞ്ചാലില്‍ എം കെ ഷീബ ബാബു (38)നെയാണ് ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി പിടികൂടിയത്.
ഇടപാടുകാരില്‍നിന്ന് പണം വാങ്ങിയ ശേഷം വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയായിരുന്നു തട്ടിപ്പ്. കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 13 സെഡ് 0735 ടാറ്റ എയ്‌സ് വാഹനം ഇരിട്ടി വള്ളിത്തോട് സ്വദേശിയായ ഒരാള്‍ക്ക് വിറ്റിരുന്നു. അതിന്റെ ആര്‍സി ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും കൈമാറി. എന്നാല്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വള്ളിത്തോട് സ്വദേശിയുടെ പേരില്‍ മാറ്റി നല്‍കാന്‍ യുനൈറ്റഡ് ഇന്ത്യയുടെ ഇരിട്ടി മൈക്രോ ഓഫിസ് വഴി നിരവധി തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിവരം കണ്ണൂര്‍ ഓഫിസിനെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് വ്യക്തമായത്. എന്നാല്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉടമയുടെ കൈവശമുണ്ടായിരുന്നു.
സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. വിശദമായ പരിശോധന നടത്തിയപ്പോള്‍ 200ഓളം ഇടപാടുകാരെ ഈ രീതിയില്‍ കബളിപ്പിച്ചതായി തെളിഞ്ഞു. തളിപ്പറമ്പിലെ ഷിയ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ ഷിഹാബിന്റെ പേരിലുള്ള ബിഎംഡബ്ല്യു കാറിന്റെ 2017-18 വര്‍ഷത്തെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഷീബയുടെ സ്ഥാപനമാണു നല്‍കിയത്. ഈ വര്‍ഷം ഇന്‍ഷുറന്‍സ് പുതുക്കാന്‍ മറ്റൊരു ഏജന്‍സിയെ സമീപിച്ചു. അപ്പോഴാണ് കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഷുറന്‍സ് തുക അടച്ചിട്ടില്ലെന്നു വ്യക്തമായത്.
ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് 47000 രൂപയോളം ഷീബയ്ക്ക് നല്‍കിയിരുന്നു. അത് വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി സീനിയര്‍ മാനേജര്‍ സജീവന്‍ നല്‍കിയ പരാതിയിലാണ് ഷീബയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top