വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ച് പണം തട്ടുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

പാരിപ്പള്ളി: വാഹനങ്ങളുടെ വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ ഒരാളെ പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി ചാത്തന്നൂര്‍ സ്വദേശി ദീപു(31) ആണ് പിടിയിലായത്. ചാത്തന്നൂര്‍ കോതേരി സ്വദേശി ലിനുവില്‍ നിന്ന് 28 ലക്ഷം തട്ടിയ സംഭവത്തിലാണ് അറസ്റ്റ് നടന്നത്. ടൂറിസ്റ്റ് ബസ്സിന്റെയും കാറിന്റെയും വ്യാജ ആര്‍സി ബുക്കുകള്‍ ഇയാള്‍ക്ക് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. നിര്‍മിക്കുന്ന ആര്‍സി ബുക്കുകള്‍ പണയം വച്ചോ വില്‍പ്പന നടത്തിയോ ആണ് ലക്ഷങ്ങള്‍ പ്രതികള്‍ കബളിപ്പിക്കുന്നതെന്ന് പാരിപ്പള്ളി പോലിസ് അറിയിച്ചു. പാരിപ്പള്ളി എസ്‌ഐ രാജേഷ്,അഡീഷനല്‍ എസ്‌ഐ ഗിരീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിലെ ഒന്നും രണ്ടും പ്രതികള്‍ ഒളിവിലാണെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും പോലിസ് അറിയിച്ചു. ഇതിന് പിന്നില്‍ വന്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായും പണം നഷ്ടപ്പെട്ട കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top