വ്യാജ അപ്പീല്‍: മുഖ്യപ്രതിയുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീല്‍ തയ്യാറാക്കി നല്‍കിയ മുഖ്യപ്രതിയുടെ ലുക്കൗട്ട് നോട്ടീസ് ക്രൈംബ്രാഞ്ച് ഉടന്‍ പുറത്തിറക്കും. കേസിലെ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി സതികുമാറിന്റെ ലുക്കൗട്ട് നോട്ടീസാണ് പുറത്തിറക്കുന്നത്. ഇയാള്‍ സംസ്ഥാനം വിട്ടുപോവാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായ നൃത്താധ്യാപകരായ മാനന്തവാടി സ്വദേശി ജോബി ജോര്‍ജ്, തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ് കുമാര്‍ എന്നിവര്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആറു നൃത്താധ്യാപകരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. തങ്ങള്‍ക്ക് അപ്പീല്‍ തരപ്പെടുത്തിത്തന്നത് സതികുമാറാണെന്നു കസ്റ്റഡിയിലായ അധ്യാപകരും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ പേരില്‍ പത്തോളം വ്യാജ അപ്പീലുകളാണ് ലഭിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

RELATED STORIES

Share it
Top