വ്യാജസിദ്ധനൊപ്പം കാണാതായ കുടുംബത്തിലെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

വെള്ളമുണ്ട (വയനാട്): മൂന്നാഴ്ച മുമ്പ് വ്യാജസിദ്ധനൊപ്പം വെള്ളമുണ്ടയില്‍ നിന്ന് കാണാതായ വ്യാപാരിയുടെ കുടുംബത്തിലെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. വെള്ളമുണ്ട പത്താം മൈല്‍ പൊയിലന്‍ (കുട്ട) അമ്മദിന്റെ മകന്‍ അഷ്‌റഫ് എന്ന അച്ചു (32) ആണ് നാഗര്‍കോവിലിലെ അജ്ഞാതകേന്ദ്രത്തില്‍ മരണപ്പെട്ടത്. ഇന്നലെ കരിപ്പൂരിലെത്തിച്ച മൃതദേഹം ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നിയമ നടപടികള്‍ക്കായി നാഗര്‍കോവിലിലേക്ക് തിരിച്ചുകൊണ്ടുപോയി.
സംഭവത്തെക്കുറിച്ച് വെള്ളമുണ്ടയിലെ ബന്ധുക്കളും നാട്ടുകാരും പറയുന്നതിങ്ങനെ: മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശിയെന്ന് പറയുന്ന സെയ്ദ് മുഹമ്മദ് എന്ന സുല്‍ത്താന്‍ തങ്ങള്‍ രണ്ടര മാസം മുമ്പ് വെള്ളമുണ്ടയിലെത്തി. പൊയിലന്‍ അമ്മദിന്റെ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ അഷ്‌റഫിനെ ചികില്‍സിക്കാനായി അമ്മദിന്റെ പഴയ വീട്ടില്‍ താമസമാരംഭിച്ചു. മൂന്നാഴ്ച മുമ്പ് അമ്മദും ഭാര്യയുമൊഴികെ, മരിച്ച അഷ്‌റഫ് അടക്കമുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും സിദ്ധനെയും വെള്ളമുണ്ടയില്‍ നിന്നു കാണാതായി.
തുടര്‍ന്ന് വെള്ളമുണ്ട പോലിസ് വിളിപ്പിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ ആത്മീയയാത്രയിലാണെന്നാണ് അമ്മദ് പറഞ്ഞത്. അന്വേഷണം തുടരുന്നതിനിടെ നാട്ടിലുണ്ടായിരുന്ന അമ്മദിനെയും ഭാര്യ മറിയത്തെയും അഞ്ചു ദിവസം മുമ്പ് കാണാതായി. ഇതു സംബന്ധിച്ച സംശയങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അഷ്‌റഫ് നാഗര്‍കോവിലില്‍ മരണപ്പെട്ട വിവരമെത്തിയത്. യുവാവിന്റെ മരണം സംബന്ധിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സിദ്ധനെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം.
സജ്‌നയാണ് അഷ്‌റഫിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് വസീം, റിന്‍ഷ. മാതാവ് മറിയം. സഹോദരങ്ങള്‍: ആയിഷ, റുഖിയ, സൈന, പാരിഷ, ഉനൈസ്.

RELATED STORIES

Share it
Top