വ്യാജസന്ദേശങ്ങള്‍: സര്‍ക്കാര്‍ സഹായം തേടി വാട്‌സ്ആപ്പ്‌

ന്യൂഡല്‍ഹി: വ്യാജസന്ദേശങ്ങളുടെയും വ്യാജവാര്‍ത്തകളുടെയും വ്യാപനം തടയാന്‍ സര്‍ക്കാരിന്റെയും സാമൂഹിക കൂട്ടായ്മകളുടെയും സഹായം അഭ്യര്‍ഥിച്ച് വാട്‌സ്ആപ്പ്. തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു പോലും കാരണമായ സാഹചര്യത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് മറുപടിയായാണ് വാട്‌സ്ആപ്പ് സഹായം അഭ്യര്‍ഥിച്ചത്. സര്‍ക്കാരിന്റെയും സിവില്‍ സൊസൈറ്റിയുടെയും ടെക് കമ്പനികളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം വിപത്തുകളെ നിയന്ത്രിക്കാനാവൂ എന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി. സര്‍ക്കാരിനെ പോലെ ആള്‍ക്കൂട്ട കൊലപാതക വാര്‍ത്തയില്‍ തങ്ങളും ഞെട്ടിയിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
രാജ്യത്ത് 20 കോടിയിലധികം പേര്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായാണ് കണക്ക്. ദശലക്ഷങ്ങള്‍ വ്യാജവാര്‍ത്തകള്‍ ശരിയാണെന്നു വിശ്വസിക്കുന്നവരാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിന് ഒപ്പംതന്നെ ഇന്ത്യയിലെ മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ക്കൊപ്പം കൈകോര്‍ത്ത് തെറ്റായ വിവരങ്ങളുടെ പ്രചാരണത്തെക്കുറിച്ച് പഠിക്കാനുള്ള പദ്ധതിയും വാട്‌സ്ആപ്പ് തുടങ്ങിയിട്ടുണ്ട്. ഫോര്‍വേഡ് മെസേജുകളില്‍ വരുത്തുന്ന തിരുത്തലുകള്‍ എന്തൊക്കെയാണെന്ന് ഇനി മെസേജ് ലഭിക്കുന്ന ആള്‍ക്ക് അറിയാന്‍ സാധിക്കും. അതിനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഈ അപ്‌ഡേറ്റ് പുറത്തുവിടും. മെഷീന്‍ ലേണിങിന്റെ സഹായത്തോടെ സ്പാം മെസേജുകളെ തിരിച്ചറിയാന്‍ സാധിക്കും. മെസേജ് അയക്കുന്ന വിധം റിപോര്‍ട്ടിങ് തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതില്‍ നിര്‍ണായകം. വ്യാജ സന്ദേശങ്ങളെയും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനാണ് വാട്‌സ്ആപ്പ് സര്‍ക്കാരുകളുടെ സഹായം തേടുന്നത്.

RELATED STORIES

Share it
Top