വ്യാജവാര്‍ത്തകള്‍ക്കെതിരെ ട്വിറ്ററില്‍ പ്രതികരിച്ച എഡിറ്ററെ ഇന്ത്യാ ടുഡെ പുറത്താക്കിന്യൂഡല്‍ഹി : വ്യാജ വാര്‍ത്തകള്‍ക്കും വിദ്വേഷപ്രചരണങ്ങള്‍ക്കുമെതിരെ പ്രതികരിച്ച ഡെയ്‌ലിഒ രാഷട്രീയകാര്യ എഡിറ്റര്‍ അംഗ്ഷുകാന്ത ചക്രബര്‍ത്തിയെ ഇന്ത്യ ടുഡേ ഗ്രൂപ്പ് പിരിച്ചു വിട്ടു. വിദ്വേഷപ്രചാരകരും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരുമായ ടെലിവിഷന്‍ അവതാരകര്‍, എഡിറ്റര്‍മാര്‍, റിപോര്‍ട്ടര്‍മാര്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ കണ്ണടയ്ക്കുന്നവരും ഇത്തരക്കാര്‍ക്ക്് പ്രഥമ പരിഗണന നല്‍കുന്നവരുമായ പ്രൊമോട്ടര്‍മാരെ വിചാരണ ചെയ്യണമെന്ന് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് നടപടി.
മതേതര രാഷ്ട്രീയനേതാക്കളും വ്യവസായികളും ഇത്തരക്കാരെ ബഹിഷ്‌കരിക്കണമെന്നും അവര്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യാ ടുഡേ ഗ്രൂപ്പിനു കീഴിലുള്ള വാര്‍ത്താ വിശകലന പോര്‍ട്ടലാണ് ഡെയ്‌ലി ഒ.
ഈ മാസം നാലിന് പ്രസിദ്ധീകരിച്ച ട്വീറ്റ് നീക്കം ചെയ്യണമെന്ന് ഒരു മുതിര്‍ന്ന എഡിറ്റര്‍ അംഗ്ഷുകാന്തയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും താന്‍ നടത്തിയത് പൊതുവായ അഭിപ്രായപ്രകടനമാണെന്നും ഏതെങ്കിലും മാധ്യമസ്ഥാപനത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും ചൂണ്ടിക്കാട്ടി അവര്‍ അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന എഡിറ്റര്‍മാരും മാനേജ്‌മെന്റ് പ്രതിനിധികളും രണ്ടു തവണ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്്തു. അംഗ്ഷുകാന്തകൂടി പങ്കെടുത്ത ഈ യോഗങ്ങളില്‍ തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു, ഇതിനു തൊട്ടുപിന്നാല സ്ഥാപനത്തിന്റെ എച്ച് ആര്‍ വിഭാഗം ഇവരെ വിളിച്ച് ട്വീറ്റ് ഡിലീറ്റ് ചെയ്യുകോ രാജിവെക്കുകയോ പിരിച്ചുവിടല്‍ നേരിടുകയോ വേണമെന്ന് നിര്‍ദേശിച്ചു. ട്വീറ്റ് പിന്‍വലിക്കുകയോ രാജിവെക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കിയതോടെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top