വ്യാജരേഖ ചമച്ച് ഭൂമിതട്ടിയ കേസില്‍ ഒന്നാംപ്രതി അറസ്റ്റില്‍

നാദാപുരം: ഭൂമിയുടെ കൈവശക്കാരിയായി ആള്‍മാറാട്ടം നടത്തി തിനൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട പതിമൂന്നര ഏക്കര്‍ ഭൂമി തട്ടിയ കേസിലെ ഒന്നാം പ്രതിയായ വീട്ടമ്മ അറസ്റ്റില്‍. വിലങ്ങാട് സ്വദേശി അംബിക എന്ന അമ്മു (70) വിനെയാണ് കേസന്വേഷണ തലവന്‍ നാദാപുരം എസ്‌ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്. ഇരുപത്തഞ്ച് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.
കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ അത്തിക്കമണ്ണില്‍ ലങ്കയില്‍ സുഭാഷിണി നരിപ്പറ്റ തിനൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട കാപ്പിയില്‍ എന്ന സ്ഥലത്ത് റബ്ബര്‍ കൃഷിക്കായി അഞ്ചു പേരില്‍ നിന്നായി പതിമൂന്നര ഏക്കര്‍ സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്തിതിരുന്നു. മലയോര മേഖലയിലെ ചെങ്കുത്തായ സ്ഥലത്തായതിനാല്‍ സുഭാഷിണിക്കോ വീട്ടുകാര്‍ക്കോ ഇടക്കിടെ ഇവിടെ വന്നു പോയി ഭൂമിയില്‍ പരിപാലനം നടത്താന്‍ കഴിയാത്തതിനാല്‍ പ്രദേശവാസിയായ കുമ്പളച്ചോല തയ്യുള്ള പറമ്പത്ത് കാപ്പിയില്‍ നാണു എന്നയാളെ സ്ഥലത്തിന്റെ മേല്‍ നോട്ടത്തിനായി ചുമതലപ്പെടുത്തി. ഇതിനിടയില്‍ റബ്ബര്‍ കൃഷി നടത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഭൂമിയില്‍ നടത്തിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയുടെ നികുതി അടക്കാനെന്ന പേരില്‍ നാണു സുഭാഷിണിയില്‍ നിന്ന് ഭൂമിയുടെ അസല്‍ ആധാരം കൈക്കലാക്കി. ആധാരം തിരികെ  ആവശ്യപ്പെട്ടപ്പോഴൊക്കെ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് നാണു ഒഴിഞ്ഞു മാറി. മാസങ്ങള്‍ കഴിഞ്ഞിട്ടും ആധാരം തിരികെ ലഭിക്കാതായതോടെ സുഭാഷിണിയും ബന്ധുക്കളും തിനൂരിലെ വില്ലേജ് ഓഫീസിലും സബ് റജിസ്റ്റര്‍ ഓഫീസിലും അന്വേഷിച്ചപ്പോഴാണ് തന്റെ കൈവശമുള്ള ഭൂമി വ്യാജ രേഖയുണ്ടാക്കി തിരിമറി നടത്തിയതായി മനസിലാകുന്നത്. തിനൂര്‍ വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഈ ഭൂമി ഇപ്പോള്‍ മറ്റ് അഞ്ചു പേരാണ് കൈവശം വെക്കുന്നതെന്നും  മനസിലായി. കൈവശ ഭൂമിയില്‍ തട്ടിപ്പ് നടന്നതായി മനസിലായതോടെ സുഭാഷിണി നാദാപുരം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ 2012 ല്‍ സുഭാഷിണി എന്ന പേരില്‍ മറ്റേതോ സ്ത്രീ ആള്‍മാറാട്ടം നടത്തിയതായും നാണു വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി തരിപ്പമ്മല്‍ ശ്രീധരന്‍ എന്നയാള്‍ക്ക് സ്ഥലം ക്രയ വിക്രയം നടത്താന്‍ അധികാരമുള്ളതായ രേഖയുണ്ടാക്കി നാദാപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍  പതിമൂന്നര ഏക്കര്‍ ഭൂമി റജിസ്റ്റര്‍ ചെയ്തതായും മനസിലായി.
കേസിലെ ഒന്നാം പ്രതിയായ അംബിക എന്ന അമ്മു സുഭാഷിണിയെന്ന വ്യാജേന സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഹാജരായി വിരലടയാളം പതിച്ചു. വ്യാജരേഖ ചമക്കാന്‍ സാക്ഷികളായി നരിപ്പറ്റ തിനൂര്‍ സ്വദേശികളായ കമ്മായീമ്മല്‍ അശോകന്‍, വടക്കേ കമ്മായീമ്മല്‍ സുരേഷ് എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. തരിപ്പമ്മല്‍ ശ്രീധരന്‍, കമ്മായീമ്മല്‍ അശോകന്‍, വടക്കേ കമ്മായീമ്മല്‍ സുരേഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കാപ്പിയില്‍ നാണു ഒളിവിലായതിനാല്‍ പിടികൂടാനായിട്ടില്ല.  സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ രജിസ്റ്റാര്‍ ഓഫീസിലുള്ളവര്‍ക്ക് പങ്ക് ഉണ്ടോ എന്ന കാര്യം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top