വ്യാജരേഖയുണ്ടാക്കി ഭൂമി നല്‍കി കബളിപ്പിച്ചെന്നു പരാതി

പാനൂര്‍: വ്യാജരേഖയുണ്ടാക്കി ഭൂമി നല്‍കി പട്ടികജാതി കുടുംബത്തെ കബളിപ്പിച്ചെന്നു പരാതി. ഭൂരഹിത, ഭവനരഹിതരായ പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കടവത്തൂരില്‍ കല്ലുകൊത്തിയ പറമ്പത്ത് കെ പി സന്തോഷ് കുമാറാണ് കബളിപ്പിക്കപ്പെട്ടതായി കാണിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2012-2013 വര്‍ഷത്തില്‍ ഗുണഭോക്താവായി സന്തോഷിനെ തിരഞ്ഞെടുക്കുകയും ഭൂമി വാങ്ങാന്‍ രണ്ടുലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
ഈ തുക കൊണ്ട് പൊയിലൂര്‍ തൊടുവായിച്ചിന്റെവിട നാണുവിന്റെ ഭാര്യയായ ശൈലജ, നെല്ലിത്തറ വടക്കെചാലില്‍ പറയുള്ളപറമ്പില്‍ നാലുസെന്റ് സ്ഥലം എനിക്കു ഭര്‍ത്താവില്‍ നിന്ന് ജന്മം തീരാധാരമായി കിട്ടിയ ഭൂമിയാണെന്നു കാണിച്ച് 2013 ജൂലൈ 26ന് കല്ലിക്കണ്ടി രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് നിശ്ചിത തുക വാങ്ങി സന്തോഷ് കുമാറിനു രജിസ്റ്റര്‍ ചെയ്തുനല്‍കി. എന്നാല്‍ 2014-15 വര്‍ഷത്തെ ഭൂമി നികുതി അടയ്ക്കാന്‍ വില്ലേജ് ഓഫിസില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ശൈലജ രജിസ്റ്റര്‍ ചെയ്തുതന്ന സര്‍വേ നമ്പറിലുള്ള ഭൂമി നിലവിലില്ലെന്നും, ചന്ദ്രന്‍ സി, ചാലില്‍, പിഒ സെന്‍ട്രല്‍ പൊയിലൂര്‍ എന്നയാളുടെതാണെന്നും നിങ്ങളുടെ പേരില്‍ നികുതി അടയ്ക്കാന്‍ സാധിക്കില്ലെന്നും വില്ലേജ് ഓഫിസര്‍ അറിയിച്ചു. 9491 തണ്ടപ്പേര് നമ്പറില്‍, ആധാര നമ്പര്‍ 383/13, പി വി നമ്പര്‍ 414/13, സര്‍വേ നമ്പര്‍ 152/4 പൊയിലൂര്‍ എന്ന രേഖകളിലാണ് ശൈലജയും ഭര്‍ത്താവ് നാണുവും ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി രജിസ്‌ട്രേഷന്‍ നടത്തിയത്.
പൊയിലൂരിലെ യദുകുലത്തില്‍ എ സജീവന്‍ എഴുതിത്തയ്യാറാക്കി അന്നത്തെ സബ് രജിസ്ട്രാര്‍ ദിനേശന്‍ കോമത്ത് റജിസ്്റ്റര്‍ ചെയ്തുനല്‍കിയ ആധാരത്തിലാണ് ഈ ക്രമക്കേടു സംഭവിച്ചത്. കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് സന്തോഷ് കുമാര്‍  ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top