വ്യാജമുദ്ര പത്രം നിര്‍മിച്ച് ഭൂമിയിടപാട്: വിജിലന്‍സ് അന്വേഷണം വ്യാപിപ്പിച്ചു

നെടുങ്കണ്ടം: വ്യാജമുദ്ര പത്രം നിര്‍മിച്ച് ഭൂമിയിടപാട് നടത്തിയ സംഭവത്തില്‍ വിജിലന്‍സ് രജിസ്‌ട്രേഷന്‍ വിഭാഗം അന്വേഷണം വ്യാപിപ്പിച്ചു. ഉടുമ്പന്‍ചോല കേന്ദ്രീകരിച്ചാണ് വ്യാജമുദ്രപത്രങ്ങള്‍ നിര്‍മിച്ചു സ്ഥലമിടപാടുകള്‍ നടത്തിയെന്നു പരാതി ഉയര്‍ന്നത്.
ഇതേതുടര്‍ന്ന് വിജിലന്‍സ് രജിസ്‌ട്രേഷന്‍ വിഭാഗം അന്വേഷണം തുടങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നു വന്‍തോതില്‍ ജില്ലയിലേക്കു 2010-2017 കാലയളവിലാണു വ്യാജമുദ്രപത്രങ്ങള്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈറേഞ്ചിലെ ഒരു പോലിസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.
എന്നാല്‍ പോലിസ് സംഭവത്തില്‍ കാര്യമായ അന്വേഷണം ഇതുവരെ നടത്തിയിട്ടില്ലെന്നു പരാതിയുണ്ട്. തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനു പരാതി നല്‍കിയത്. പണമിടപാടുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല സ്വദേശി 2010ല്‍ ബ്ലാങ്ക് മുദ്രപത്രം സമീപവാസിക്കു നല്‍കിയിരുന്നു. പണമിടപാട് അവസാനിച്ചശേഷം മുദ്രപത്രം തിരികെ നല്‍കാന്‍ തയ്യാറായില്ല.  ഈ മുദ്രപത്രം ഉപയോഗിച്ചു പണം വാങ്ങിയ വ്യക്തിയുടെ സ്ഥലം വില്‍പന നടത്തിയെന്നാണ് ആരോപണം. ജില്ലയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടു വ്യാജ മുദ്രപത്രം നിര്‍മിച്ച കേസില്‍ വൈക്കം പോലിസ് 2015ല്‍ ജില്ലയില്‍ അന്വേഷണം നടത്തിയിരുന്നു.
മുദ്രപത്രം വിതരണം ചെയ്യുന്ന സ്ഥലത്ത് മുദ്രപത്രത്തിന്റെ വിവരങ്ങളും വാങ്ങുന്നയാളിന്റെ വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തും. ചില ഇടപാടുകളുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ കണ്ടെത്താന്‍ കഴിയാതെവന്നതോടെയാണു തട്ടിപ്പു പുറത്തായത്. ഒരേ നമ്പരില്‍ രണ്ട് മുദ്രപത്രം വരുന്നതോടെ യഥാര്‍ഥ ഉടമ വെട്ടിലാവും.
വെണ്ടര്‍മാരുടെ പക്കല്‍നിന്നു മുദ്രപത്രം വാങ്ങുമ്പോള്‍ ഇടപാടുകാരന്റെ പേരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തും. വെണ്ടറുടെ പക്കലുള്ള രജിസ്റ്ററിലെ പേജുകള്‍ തീരുമ്പോള്‍,  വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സ്റ്റാംപിങ് വിഭാഗത്തിനു കൈമാറണം. സ്റ്റാമ്പിങ് വിഭാഗം സൂക്ഷിക്കുന്ന രജിസ്റ്റര്‍ മാത്രമാണു രേഖയായിട്ടുള്ളത്. ഇടപാടുകാര്‍ വെണ്ടറുടെ പക്കല്‍നിന്നു മാത്രം മുദ്രപത്രം വാങ്ങുകയെന്നതാണ് തട്ടിപ്പു തടയാന്‍ കഴിയുന്ന ഏകമാര്‍ഗം.

RELATED STORIES

Share it
Top