വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി

കൊച്ചി: തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് അംഗങ്ങളെ നാമ നിര്‍ദേശം ചെയ്യുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി.
ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഹിന്ദു മത ധര്‍മ സ്ഥാപന നിയമത്തിന്റെ 4(1), 63 എന്നീ വകുപ്പുകള്‍ ഭരണഘടനാപരമായി സാധുവാണെന്ന് ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു. സംഘപരിവാര സൈദ്ധാന്തികനായ ടി ജി മോഹന്‍ദാസ് ആയിരുന്നു ഹരജിക്കാരന്‍. ഹരജിക്കാരന്റെ വാദങ്ങളെ സുബ്രമണ്യം സ്വാമി, ഹിന്ദു ഐക്യ വേദി തുടങ്ങിയവര്‍ പിന്താങ്ങിയിരുന്നു. ഹിന്ദുക്കളെ ഒന്നാകെ ദേവസ്വം ബോ ര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ അനുവദിക്കണം എന്ന ഇവരുടെ വാദവും കോടതി നിരാകരിച്ചു. എംഎല്‍എമാരും മന്ത്രിമാരും അടങ്ങുന്ന ഇലക്ടറല്‍ കോളജ് തന്നെയാണ് അഭികാമ്യം എന്ന സര്‍ക്കാര്‍ നിലപാടും കോടതി അംഗീകരിച്ചു. എന്നാല്‍, ദേവസ്വം ബോര്‍ഡിലെ അംഗങ്ങളായി പരിഗണിക്കുന്നവരുടെ വിവരങ്ങള്‍ നിയമസഭ അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും മാത്രം അറിയാം എന്ന നിലയില്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്ന, തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഒരു രഹസ്യ സ്വഭാവം ഉണ്ടെന്നു കോടതി വിലയിരുത്തി.
മന്ത്രിമാരും എംഎല്‍എമാരും നോമിനികളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഇതിനായി എന്തെങ്കിലും രീതികളോ നടപടിക്രമങ്ങളോ ഇല്ല. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇത്തരത്തില്‍ വ്യക്തയില്ലാതെ ബോര്‍ഡംഗങ്ങളെ നിയമനം നല്‍കാന്‍ അനുമതി നല്‍കുന്നത് സ്വജനപക്ഷപാതമുണ്ടെന്ന സംശയത്തിനിട വരുത്തും. അര്‍ഹരെ ഈ പദവിയിലേക്ക് ആകര്‍ഷിക്കാന്‍ വഴി തുറന്നില്ലെങ്കില്‍ ഈ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനാവില്ല. ഇതിന് ജനാധിപത്യ സംവിധാനത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും മാത്രം താല്‍പര്യത്തിന് വിട്ടാല്‍ മതിയാവില്ല. കോടതിക്ക് നിയമം വ്യാഖ്യാനിക്കാനേ കഴിയൂ. നിയമ നിര്‍മാണത്തിന് കഴിയില്ല. നിലവിലെ സംവിധാനം മെച്ചപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യാനേ കഴിയൂ.
ബോര്‍ഡംഗങ്ങളെ കണ്ടെത്തുന്നത് സുതാര്യമാക്കാന്‍ ഇതു സംബന്ധിച്ച അറിയിപ്പ് പൊതു ജനസമക്ഷത്ത് കൊണ്ടുവരണം. സര്‍ക്കാരിന് പ്രത്യേക യോഗ്യതയും വ്യവസ്ഥയും നിശ്ചയിച്ച് പൗരന്മാരില്‍ നിന്ന് ബോര്‍ഡംഗങ്ങളാവാന്‍ അപേക്ഷ ക്ഷണിക്കാം. അല്ലെങ്കില്‍ നിലവിലുള്ളതുപോലെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ശുപാര്‍ശ ചെയ്യാം. ഈ ശുപാര്‍ശകള്‍ പൊതുജനങ്ങളുടെ വിലയിരുത്തലിനും തീരുമാനത്തിനും സമര്‍പ്പിക്കാം. ഇതിനായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാം. ശുപാര്‍ശകള്‍ പൊതുജനങ്ങളിലേക്കെത്തുമ്പോ ള്‍ സ്ഥാനാര്‍ഥികളെ വിലയിരുത്താന്‍ സര്‍ക്കാര്‍ സബ് കമ്മിറ്റി പോലെയുള്ള ഉചിതമായ സംവിധാനം ഉണ്ടാക്കേണ്ടി വരും. പൊതുജനങ്ങളില്‍ നിന്ന് സ്ഥാനാര്‍ഥികളെ അനുവദിക്കുകയോ കഴിവുള്ളവരെ നിര്‍ദേശിക്കാന്‍ അവസരം നല്‍കുകയോ ചെയ്യാന്‍ അനുവദിച്ചു കൊണ്ട് ചട്ടത്തില്‍ ഭേദഗതി വരുത്താം.  ബോ ര്‍ഡംഗങ്ങളുടെ നിയമനത്തില്‍ തുറന്നതും സുതാര്യവുമായ നടപടി കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനാധിപത്യത്തിന്റെ മഹിമയില്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നതായും കോടതി പറഞ്ഞു.
ഹൈന്ദവ ക്ഷേത്രങ്ങള്‍ രാജ കുടുംബത്തിനു തിരിച്ചു നല്‍കണം എന്നായിരുന്നു ഡോ. സുബ്രമണ്യം സ്വാമി ഉന്നയിച്ച വാദം. ക്ഷേത്രങ്ങള്‍ ഇപ്പോള്‍ ക്ഷേത്ര ഉപദേശക സമിതികള്‍ ഉള്ളത് പോലെ ഒരു സംവിധാനത്തെ ഏല്‍പ്പിക്കണം എന്നായിരുന്നു ഹിന്ദു ഐക്യ വേദിയുടെ വാദം.  ഇരു വാദങ്ങളും കോടതി അംഗീകരിച്ചില്ല.

RELATED STORIES

Share it
Top