വ്യവസായ മേഖലാ പ്രഖ്യാപനം; പ്രതിഷേധ മാര്‍ച്ച് നടത്തി

ഒളവണ്ണ: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കോഴിക്കോട് അര്‍ബണ്‍ മാസ്റ്റര്‍ പ്ലാന്‍ 2035 ല്‍ ഇന്‍ഡസ്ട്രയല്‍ സോണില്‍ ഒളവണ്ണ പഞ്ചായത്തിലെ 11,12,13 വാര്‍ഡുകളിലെ ജനവാസ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടത് ഒളവണ്ണ പഞ്ചായത്ത് ഭരണാധികാരികളുടെ പിടിപ്പ് കേട് മൂലമാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റും മുന്‍ എം എല്‍ എ യുമായ യു സി രാമന്‍ അഭിപ്രായപ്പെട്ടു.
വിവിധ ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ട് മുസ് ലീം ലീഗ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാരില്‍ തദ്ധേശ വകുപ്പില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടാവുന്നത് എന്നും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ വികലമായ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാരണം തദ്ധേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
75 ദിവസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് 32 ശതമാനം ഫണ്ടാണ് തദ്ദേശ വകുപ്പില്‍ ചെലവഴിച്ചത്. ശമ്പളം നല്‍കാന്‍ മാത്രമാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. 1400 കോടി രൂപ കുടിശിക കാരണം കരാറുകാര്‍ ഒരു പണിയും എടുക്കുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .
ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെ കോഴിക്കോടന്‍ കുന്ന്, പാറമ്മല്‍, മൂര്‍ക്കനാട് തുടങ്ങിയ പ്രദേശങ്ങളെ കോഴിക്കോട് അര്‍ബന്‍ ഏരിയ 2035 മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ സോണ്‍ ആയി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരേയും, രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കാത്ത പഞ്ചായത്തിന്റെ കൃത്യവിലോപത്തിനെതിരേയും, അശാസ്ത്രീയമായ നികുതി പരിഷ്‌കാരത്തിനെതിരേയും ഉള്ള പ്രതിഷേധങ്ങള്‍ ഉയര്‍ത്തി കൊണ്ടാണ് ഒളവണ്ണ പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റി ഗ്രാമപ്പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
കെഎസ് അലവി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ് ലീം ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട അഭിവാദ്യമര്‍പ്പിച്ചു. കെ കെ കോയ, സി  മരക്കാരുട്ടി, വി അബുബക്കര്‍, വാര്‍ഡ് മെമ്പര്‍മാരായ പി എം സൗദ, സാജിദ തുടങ്ങിയവര്‍ പ്രസംഗിച്ചു. വി പി എ, സലീം സ്വാഗതവും എം പി എം. ബഷീര്‍ നന്ദിയും പറഞ്ഞു. നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിന് പി എം മുഹമ്മദലി പങ്കെടുത്തു.

RELATED STORIES

Share it
Top