വ്യവസായിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: കൂട്ടുപ്രതികള്‍ക്കായി അന്വേഷണം

കണ്ണൂര്‍: പെരുമ്പാവൂര്‍ സ്വദേശിയായ യുവ വ്യവസായി മുഹമ്മദ് അശ്‌റഫിനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ തട്ടിയ കേസില്‍ കൂട്ടുപ്രതികളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഘത്തിന് തട്ടിക്കൊണ്ടുപോവാന്‍ ക്വട്ടേഷന്‍ നല്‍കിയ പഴയങ്ങാടി സ്വദേശിയെയും കണ്ണാടിപ്പറമ്പ് സ്വദേശിയെയുമാണ് ഇനി കണ്ടെത്താനുള്ളത്. വ്യവസായി നല്‍കിയ പരാതിയില്‍ ടൗണ്‍ സിഐ രത്‌നകുമാര്‍, എസ്‌ഐ ശ്രീജിത് കോടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം കണ്ണാടിപ്പറമ്പില്‍ നിന്നു പിടികൂടിയ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ വ്യവസായിയുടെ മുന്‍ ഡ്രൈവറാണ് ക്വട്ടേഷന്‍ നല്‍കിയതെന്നു വിവരം ലഭിച്ചിരുന്നു. പഴയങ്ങാടിയിലെ ഹബീബ്, കണ്ണാടിപ്പറമ്പ് സ്വദേശി അഖില്‍ എന്നിവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കവര്‍ച്ച മാത്രമാണോ ലക്ഷ്യമെന്ന് പോലിസ് അന്വേഷിച്ചുവരുന്നുണ്ട്. ഇക്കഴിഞ്ഞ 27നു രാത്രിയാണ് ഫര്‍ണിച്ചര്‍ വ്യവസായിയായ അശ്‌റഫ് കാര്‍ മാര്‍ഗം പെരുമ്പാവൂരില്‍ നിന്ന് മംഗളുരുവിലേക്ക് പോവാനായി കണ്ണൂരിലെത്തിയത്. ഹോട്ടലില്‍ താമസിക്കുന്നതിനിടെ ഡ്രൈവറുടെ സുഹൃത്താണെന്നു പറഞ്ഞെത്തിയ യുവാവാണ് പുതിയതെരുവിലെത്തിച്ചത്. ഇവിടെ നിന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കണ്ണാടിപ്പറമ്പിലെ ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് മര്‍ദ്ദിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ലാപ്‌ടോപ്പ്, വിലകൂടിയ വാച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയും ബിസിനസ് എടിഎം കാര്‍ഡും തട്ടിയെടുത്ത് അഞ്ചുലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. സംഭവത്തില്‍ കണ്ണാടിപ്പറമ്പ് സ്വദേശികളായ പുളിക്കല്‍ വീട്ടില്‍ റഈസ്(28), മൊട്ടയാന്റവിട വീട്ടില്‍ സന്ദീപ്(27), പുല്ലുപ്പി ക്രിസ്ത്യന്‍ ചര്‍ച്ചിനു സമീപം ചാലില്‍ റെനില്‍ എന്ന അപ്പൂസ്(25) എന്നിവരെയാണ് പോലിസ് പിടികൂടിയത്. ഇവരെ കോടതി കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

RELATED STORIES

Share it
Top