വ്യവസായിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച: മൂന്നംഗ സംഘം അറസ്റ്റില്‍

കണ്ണൂര്‍: ആലുവ പെരുമ്പാവൂരിലെ യുവവ്യവസായിയെ തട്ടിക്കൊണ്ടു പോയി അഞ്ചുലക്ഷം രൂപ കവര്‍ന്ന ശേഷം മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണാടിപ്പറമ്പ് സ്വദേശികളായ പുളിക്കല്‍ വീട്ടില്‍ റഈസ് (28), മൊട്ടയാന്റവിട വീട്ടില്‍ സന്ദീപ് (27), പുല്ലുപ്പി ക്രിസ്ത്യന്‍ ചര്‍ച്ചിന് സമീപം ചാലില്‍ റെനില്‍ എന്ന അപ്പൂസ് (25) എന്നിവരെയാണ് ടൗണ്‍ പോലിസ് കണ്ണാടിപ്പറമ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളും പോലിസും തമ്മിലുണ്ടായ മല്‍പ്പിടിത്തത്തിനിടെ എസ്‌ഐ ശ്രീജിത്ത് കൊടേരിക്ക് കാലിനു പരിക്കേറ്റു. വ്യാപാരിയായ മുഹമ്മദ് അശ്‌റഫിനെ കണ്ണൂരിലെ ടൂറിസ്റ്റ്‌ഹോമില്‍ താമസിക്കുന്നതിനിടെ വ്യാപാര ആവശ്യത്തിനു വേണ്ടി സംസാരിക്കാനെന്നു പറഞ്ഞ് പുതിയ തെരുവിലേക്കു വിളിച്ചുവരുത്തി കാട്ടിലെത്തിച്ചാണു പണം കവര്‍ന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് ബിസിനസ് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചാണു പണം കവര്‍ന്നത്. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ചു. പരിക്കേറ്റ് എകെജി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അശ്‌റഫ് പരാതി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം. ഗള്‍ഫിലെ വ്യവസായിയായ അശ്‌റഫിനു വിദേശത്തും മംഗലാപുരത്തും കണ്ണൂരിലും ഫര്‍ണീച്ചര്‍ വ്യവസായമുണ്ട്. വളപട്ടണത്തെ ചില പ്ലൈവുഡ് സ്ഥാപനങ്ങളിലും പാര്‍ട്ണര്‍ഷിപ്പുണ്ട്. ബിസിനസ് ആവശ്യാര്‍ഥം കണ്ണൂരിലെത്തി റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജില്‍ താമസിക്കുന്നതിനിടെയാണു കണ്ണൂര്‍ സ്വദേശിയായ ഡ്രൈവറെ പരിചയപ്പെട്ടത്. ഇയാള്‍ പറഞ്ഞതനുസരിച്ച് പുതിയ തെരുവില്‍ എത്തിയപ്പോഴാണു തട്ടിപ്പിനിരയായത്. കണ്ണാടിപ്പറമ്പിലെ റെനിലിന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച് മംഗലാപുരത്ത് പോവാമെന്നു പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ആക്രമിച്ച ശേഷം ബിസിനസ് എടിഎം കാര്‍ഡ് ഉപയോഗിച്ച് കണ്ണൂരിലെ രണ്ട് എടിഎം കൗണ്ടറുകളില്‍ നിന്ന് 4,80,000 രൂപ പിന്‍വലിക്കുകയായിരുന്നു. മാത്രമല്ല, കൈയിലുണ്ടായിരുന്ന 20,000 രൂപയും വിലപിടിപ്പുള്ള വാച്ചും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. മുഖ്യപ്രതിയായ ഡ്രൈവറെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. മൂവര്‍ക്കുമെതിരേ നേരത്തെയും ക്വട്ടേഷന്‍, കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. പ്രതികളെ തെളിവെടുപ്പിനെത്തിച്ച ശേഷം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ സിഐ ടി കെ രത്‌നകുമാര്‍, എസ്‌ഐ ശ്രീജിത്ത് കൊടേരി, സിഐയുടെ സ്‌ക്വാഡ് അംഗങ്ങളായ രഞ്ജിത്ത്, അജിത്ത്, ബാബു പ്രസാദ് തുടങ്ങിയവരാണു പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top