വ്യവസായിയുടെ ആത്മഹത്യ: നരഹത്യയ്ക്കു കേസെടുക്കണം

ആലപ്പുഴ: തിരുവനന്തപുരത്ത് ഒരു ചെറുകിട വ്യവസായി ആത്മഹത്യ ചെയ്യാന്‍ ഇടയായതിന് കാരണമായ വിവാദ ഉത്തരവിറക്കിയ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍ ആലപ്പുഴ ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു.
വ്യവസായ വകുപ്പിന്റെ ക്രൂരതയ്ക്ക് മുന്നില്‍ കീഴടങ്ങുന്നു എന്ന് കുറിപ്പെഴുതിവച്ചാണ് കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ മെറ്റാ കെയര്‍ എന്ന വ്യവസായ യൂണിറ്റ് ഉടമ സുരേഷ് കുമാര്‍ ആത്മഹത്യ ചെയ്തത്.
ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണം. ജനാധിപത്യ ഭരണക്രമത്തില്‍ മന്ത്രിയും മന്ത്രിസഭയും ദുര്‍ബലമാകുമ്പോള്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ ജനങ്ങള്‍ക്കെതിരെ അഴിഞ്ഞാടുമെന്നുള്ള ദാര്‍ശനിക മുന്നറിയിപ്പ് ഇവിടെ ശരിയാകുന്നു.  ഭരണാധികാരികളുടെ ദുര്‍ബലതയും നയവൈകല്യങ്ങളും ഉദ്യോഗസ്ഥരുടെ ക്രൂരതയും മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന വ്യവസായിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും പിന്‍തുടര്‍ച്ചക്കാര്‍ക്ക് വ്യവസായം തുടരാനുള്ള സൗകര്യങ്ങളും സംരക്ഷണവും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെഎസ്എസ്‌ഐഎഫ് ആലപ്പുഴ ജില്ലാപ്രസിഡന്റ് ജെ അക്ഷയകുമാര്‍ അധ്യക്ഷതവഹിച്ചു. നിസാര്‍ കൊണ്ടോടി, ഷിബു ശ്രീധരന്‍, ജിബു ദേവസ്യ, പിജെ കുര്യന്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

RELATED STORIES

Share it
Top