വ്യത്യസ്ത അപകടങ്ങളില്‍ 5 പാലക്കാട്ടുകാര്‍ മരിച്ചു

ചിറ്റൂര്‍/ഒറ്റപ്പാലം: രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ പാലക്കാട് ജില്ലക്കാരായ അഞ്ചു പേര്‍ മരിച്ചു. വേളാങ്കണ്ണിയിലുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സില്‍വാംപതി സ്വദേശികളായ കൃഷ്ണവേണി (50), മകന്‍ ദിലീപ് (28), അയല്‍വാസി ആറുച്ചാമി (50) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദിലീപിന്റെ പിതാവ് ഭഗവതീശ്വരന്‍ (54), ബന്ധുവായ ധരണി (8) എന്നിവരെ നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറും എതിരേ വന്ന മിനിലോറിയും തമ്മില്‍ ദേശീയപാതയില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. വേളാങ്കണ്ണിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം കാരക്കലിലെ മറ്റൊരു ക്ഷേത്രത്തിലേക്കു പോകുന്ന വഴിയായിരുന്നു അപകടം.
നിവേദിതയാണ് മരിച്ച ദിലീപിന്റെ ഭാര്യ. മകള്‍ രണ്ടു വയസ്സുകാരി ഉത്തരപ്രതീക്ഷ. രത്‌നമണിയാണ് മരിച്ച ആറുച്ചാമിയുടെ ഭാര്യ. രണ്ടു മക്കളുണ്ട്.
ഒറ്റപ്പാലം വാണിയംകുളം തൃക്കങ്ങോട്ട് സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് മറ്റു രണ്ടു പേര്‍ മരിച്ചത്. വാന്‍ ഡ്രൈവര്‍ ചിറ്റൂര്‍ മുതലമട ഏരിപ്പാടം ഷണ്‍മുഖന്റെ മകന്‍ സെന്തില്‍കുമാര്‍ (38), പല്ലശ്ശന വടക്കേത്തറ തരകത്ത് വീട്ടില്‍ കുട്ടിസാമിയുടെ മകന്‍ ശിവരാമന്‍ (45) എന്നിവരാണ് മരിച്ചത്. സുരഭി ആട്ട, മൈദ കമ്പനിയിലെ ജീവനക്കാരാണ് രണ്ടു പേരും.
മനിശ്ശീരിയില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. പാലക്കാട്ടു നിന്ന് ഒറ്റപ്പാലം വഴി തൃശൂരിലേക്ക് പോയ സ്വകാര്യ ബസ്സും ഷൊര്‍ണൂരില്‍ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കു വന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ബസ്സില്‍ ഉണ്ടായിരുന്ന 28 പേരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top