വ്യത്യസ്തമായ ലക്ഷ്യങ്ങള്‍

ബി ആര്‍ പി ഭാസ്‌കര്‍
നാഗ്പൂരില്‍ അംബേദ്കര്‍ 1930ല്‍ വിളിച്ചുകൂട്ടിയ അഖിലേന്ത്യാ അധഃകൃതവര്‍ഗ കോണ്‍ഗ്രസ് “തൊട്ടുകൂടാത്തവരുടെ രാഷ്ട്രീയാവകാശങ്ങള്‍ക്ക്’ വേണ്ടി ശബ്ദമുയര്‍ത്തി. ബ്രിട്ടിഷ് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ വിളിച്ചുചേര്‍ത്ത വട്ടമേശാ സമ്മേളനത്തില്‍ ദലിത് പ്രതിനിധിയായി അംബേദ്കര്‍ ക്ഷണിക്കപ്പെട്ടു. സമ്മേളനത്തില്‍ അഭിപ്രായ ഐക്യം രൂപപ്പെട്ടില്ല. തുടര്‍ന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ദലിതര്‍ ഉള്‍പ്പെടെ ചില വിഭാഗങ്ങളുടെ പ്രതിനിധികളെ പ്രത്യേകം തിരഞ്ഞെടുക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന “കമ്മ്യൂണല്‍ അവാര്‍ഡ്’ പ്രഖ്യാപിച്ചു. ദലിതര്‍ക്ക് ഇത്തരത്തിലുള്ള ഒരു സംവിധാനം വേണമെന്ന് അംബേദ്കര്‍ ആവശ്യപ്പെട്ടിരുന്നു. അവാര്‍ഡ് വരുമ്പോള്‍ പൂനെയില്‍ ജയിലിലായിരുന്ന ഗാന്ധി അതിനെതിരേ നിരാഹാര സമരം തുടങ്ങി. ഗാന്ധിയുടെ ജീവന്‍ രക്ഷിക്കുന്നതിന് ഒത്തുതീര്‍പ്പിനു വഴങ്ങാന്‍ അംബേദ്കറുടെ മേല്‍ വലിയ സമ്മര്‍ദമുണ്ടായി. പൊതുസീറ്റുകളില്‍ ഒരു നിശ്ചിത എണ്ണം ദലിതര്‍ക്കായി സംവരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്ന കരാറില്‍ ഒപ്പുവയ്ക്കാന്‍ അദ്ദേഹം തയ്യാറായി. അതിനെ ഒരു കീഴടങ്ങലായി കാണേണ്ടതില്ല. കാരണം, അതിലൂടെയാണ് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭരണഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ട ദലിത്, ആദിവാസി സംവരണ സംവിധാനം രൂപപ്പെട്ടത്. പൂനെ കരാറിനുശേഷവും അംബേദ്കറുടെ ദലിത് ശാക്തീകരണ പരിപാടിയെ ഗാന്ധി പിന്തുണച്ചില്ല. അതിനു പകരം അദ്ദേഹം ദലിതര്‍ക്ക് ഹരിജന്‍ എന്ന പേരു നല്‍കുകയും ഹരിജന്‍ എന്ന പേരില്‍ ഒരു വാരിക തുടങ്ങുകയും ഹരിജന്‍ സേവക സംഘം എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. ഉദ്ദേശലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരുന്നതുകൊണ്ടാണ് അവര്‍ക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാഞ്ഞത്. അംബേദ്കര്‍ എല്ലാവരും തുല്യരും എല്ലാവര്‍ക്കും തുല്യാവസരമുള്ളതുമായ ഒരു സമൂഹം വിഭാവന ചെയ്തു. ആ സമൂഹത്തില്‍ ജാതിക്ക് സ്ഥാനമില്ല. അതുകൊണ്ട് അദ്ദേഹം മനുസ്മൃതി കത്തിച്ചു; ജാതിയുടെ ഉന്മൂലനം ആവശ്യപ്പെട്ടു. ചെറുപ്പത്തില്‍ ഗാന്ധി, വൈശ്യര്‍ക്കും പൂണൂലിടാനുള്ള അവകാശമുണ്ടെന്നു പറഞ്ഞ് അതു ധരിച്ച യുവാക്കളുടെ സംഘത്തില്‍ അംഗമായിരുന്നു. തെക്കേ ആഫ്രിക്കയില്‍ അവകാശനിഷേധത്തിന്റെ രൂക്ഷമായ രൂപം അദ്ദേഹം കണ്ടു. പക്ഷേ, തീവണ്ടിയിലെ ഒന്നാംക്ലാസ് കോച്ചില്‍ നിന്ന് സായ്പ് പുറത്താക്കിയപ്പോള്‍ അദ്ദേഹം അതു മനുഷ്യാവകാശ പ്രശ്‌നമാണെന്നു തിരിച്ചറിഞ്ഞില്ല. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസവും ഒന്നാംക്ലാസ് ടിക്കറ്റും ഇന്ത്യക്കാരനെ വെള്ളക്കാരന് തുല്യമാക്കില്ല എന്നു മാത്രമേ അദ്ദേഹം മനസ്സിലാക്കിയുള്ളൂ. ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം സമരം ചെയ്തു. കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ആഫ്രിക്കയിലെ കറുത്തവരുടെ കാര്യത്തില്‍ അദ്ദേഹം താല്‍പര്യമെടുത്തില്ല. പക്ഷേ, പില്‍ക്കാലത്ത് അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങും ആഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയും ഗാന്ധി തങ്ങളുടെ മുന്‍ഗാമിയും മാര്‍ഗദര്‍ശിയുമാണെന്ന് പ്രഖ്യാപിച്ചു. കേരളം ജാതിപ്രശ്‌നം കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ഗാന്ധിയെ പ്രേരിപ്പിച്ചു. വൈക്കം സത്യഗ്രഹകാലത്ത് ഇണ്ടംതുരുത്തി നമ്പൂതിരിയുടെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ അകത്തുകയറ്റാതെ പുറത്ത് ഒരു പന്തലിലാണ് ഇരുത്തിയത്. ആ ജാതിനിയമ പരിപാലനം അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. ശ്രീനാരായണ ഗുരുവുമായി സംസാരിച്ചശേഷം ശിവഗിരിയില്‍ പ്രസംഗിക്കുമ്പോള്‍, ഒരു മരത്തിലെ ഇലകളുടെ വലുപ്പചെറുപ്പം ചൂണ്ടിക്കാട്ടിക്കൊണ്ട് അസമത്വം പ്രകൃതിനിയമമാണെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഗുരു ആ വാദം പൊളിച്ചു. ഏതില ചവച്ചാലും ഒരേ രസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ഗാന്ധി ചാതുര്‍വര്‍ണ്യത്തിലെ വിശ്വാസം ഉപേക്ഷിച്ചില്ല. ജാതിവ്യവസ്ഥയുടെ കാര്‍ക്കശ്യം കുറച്ചാല്‍ പ്രശ്‌നം അവസാനിക്കുമെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തെയും വര്‍ഗസമരം ജാതിപ്രശ്‌നം പരിഹരിക്കുമെന്ന കമ്മ്യൂണിസ്റ്റ് വിശ്വാസത്തെയും ജാതിമേധാവിത്വത്തെ നേരിട്ടു വെല്ലുവിളിക്കാതെ മുമ്പോട്ടുപോവുന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമായി കാണാം. കോണ്‍ഗ്രസ്സില്‍ നിന്ന് അകന്ന ജിന്ന ഇംഗ്ലണ്ടിലേക്കു പോയി. ദാദാഭായ് നവറോജിയെപ്പോലെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അംഗത്വം നേടാമെന്ന് അദ്ദേഹം കരുതിയിരുന്നതായി ഒരു ജീവചരിത്രകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാംബ്രിജ് വിദ്യാര്‍ഥി റഹ്മത് അലി 1933ല്‍ ഒരു ലഘുലേഖയില്‍, പാകിസ്താന്‍ എന്ന പേരില്‍ ഒരു മുസ്‌ലിം രാജ്യം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ ജിന്ന അതില്‍ വലിയ താല്‍പര്യം കാട്ടിയില്ല. എന്നാല്‍, അടുത്ത കൊല്ലം ലിയാഖത്ത് അലി ഖാന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി ലീഗിന്റെ നേതൃത്വം ഏറ്റെടുത്തു. ലീഗ് 1940ല്‍ പ്രത്യേക മുസ്‌ലിം രാഷ്ട്രം എന്ന ആവശ്യം ഉന്നയിച്ചു. ലോകമഹായുദ്ധത്തിന്റെ ഫലമായി ക്ഷീണിച്ച ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നു വേഗം പിന്‍വാങ്ങുമെന്ന് മനസ്സിലാക്കിയ ജിന്ന സമര്‍ഥമായ നീക്കങ്ങളിലൂടെ പാകിസ്താന്‍ ഏഴു കൊല്ലത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കി. മറ്റൊരു നേതാവിന് അതു ചെയ്യാന്‍ കഴിയുമായിരുന്നോ എന്നു സംശയമാണ്. പാകിസ്താനില്‍ എല്ലാ മതസ്ഥരും തുല്യരായിരിക്കുമെന്ന് ജിന്ന പ്രഖ്യാപിച്ചു. എന്നാല്‍ ആ വാഗ്ദാനം മാനിക്കാന്‍ അനുയായികള്‍ കൂട്ടാക്കിയില്ല. തുടക്കത്തില്‍ ഏതാണ്ട് 20 ശതമാനം ഹിന്ദുക്കളുണ്ടായിരുന്ന ആ രാജ്യത്ത് ഇപ്പോള്‍ അവര്‍ രണ്ടു ശതമാനം മാത്രമാണ്. ആവശ്യപ്പെടുന്ന പാകിസ്താനി ഹിന്ദുക്കള്‍ക്കെല്ലാം ദീര്‍ഘകാല വിസ നല്‍കാനും പൗരത്വം നേടുന്നത് എളുപ്പമാക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹിന്ദു നേതൃത്വത്തിന് കീഴില്‍ സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നീതിപൂര്‍വകമായ സ്ഥാനം ലഭിക്കില്ലെന്ന ആശങ്കയാണ് മതനിരപേക്ഷ പാരമ്പര്യം പുലര്‍ത്തിയിരുന്ന ജിന്നയെ മുസ്‌ലിം രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. ഏഴു പതിറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ ആ ആശങ്ക പൂര്‍ണമായും അസ്ഥാനത്തായിരുന്നുവെന്ന് പറയാനാവില്ല. ഭരണഘടന എല്ലാവരും തുല്യരാണെന്നു പ്രഖ്യാപിക്കുകയും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും മറ്റു ചില വിഭാഗങ്ങള്‍ക്കൊപ്പം മുസ്‌ലിംകളും വിവേചനം നേരിടുന്നുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പല സംസ്ഥാനങ്ങളിലും ഭരണകൂടാനുകൂലികള്‍ മുസ്‌ലിംകള്‍ക്കെതിരേ ബോധപൂര്‍വം അക്രമം അഴിച്ചുവിട്ടിട്ടുമുണ്ട്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അംബേദ്കറുടെ സേവനം പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായി. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ അദ്ദേഹം അംഗവുമായി. ഗാന്ധിയുടെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തെ ഭരണഘടനാ സമിതി അധ്യക്ഷനാക്കിയതെന്നു പറയപ്പെടുന്നു. എന്നാല്‍, ഒരു ബ്രിട്ടിഷ് വിദഗ്ധനെ സമീപിച്ച് ഭരണഘടന തയ്യാറാക്കുന്നതിന് സഹായം അഭ്യര്‍ഥിച്ചപ്പോള്‍, അംബേദ്കറെപ്പോലെ ഒരു പണ്ഡിതന്‍ അവിടെയുള്ളപ്പോള്‍ എന്തിനാണ് വിദേശസഹായം എന്ന് ചോദിച്ചതോടെയാണ് അദ്ദേഹത്തിന്റെ പേര് പരിഗണനയില്‍ വന്നത്. ബോംബെയില്‍ നിന്നു കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അംബേദ്കറെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് പിന്നീട് പശ്ചിമബംഗാളില്‍ നിന്ന് അദ്ദേഹത്തെ സഭയിലെത്തിച്ചാണ് ഭരണഘടനാ നിര്‍മാണ ദൗത്യം ഏല്‍പിച്ചത്. ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രതിപാദിക്കുന്ന ആമുഖത്തില്‍ ഒന്നാമതായി പറയുന്നത്, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ നീതിയെക്കുറിച്ചാണ്. സാമൂഹികനീതി കൂടാതെ മറ്റു മേഖലകളില്‍ നീതി ഉറപ്പാക്കാനാവില്ലെന്ന തിരിച്ചറിവാണ് അതിന് മറ്റു രണ്ടിനും മുകളില്‍ സ്ഥാനം നല്‍കാന്‍ കാരണമായത്. സ്വാതന്ത്ര്യസമരകാലത്തു തന്നെ സാമൂഹികനീതിക്ക് പ്രഥമ പരിഗണന നല്‍കുന്ന സമീപനം സ്വീകരിക്കാന്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും കഴിഞ്ഞിരുന്നെങ്കില്‍ ജിന്നയെയും അംബേദ്കറെയും ഒപ്പം നിര്‍ത്താന്‍ ഒരുപക്ഷേ, കഴിയുമായിരുന്നു.                              ി(അവസാനിച്ചു.)(കടപ്പാട്: ജനശക്തി, 2018 ജനുവരി 31)

RELATED STORIES

Share it
Top