വ്യക്തിഗത വിവരം ദുരുപയോഗം ചെയ്താല്‍ പിഴയ്ക്ക് ശുപാര്‍ശ

ന്യൂഡല്‍ഹി: വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച പഠന റിപോര്‍ട്ട് ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയുടെ അധ്യക്ഷതയിലുള്ള വിവരസംരക്ഷണ കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. വ്യക്തിഗത വിവരങ്ങള്‍, ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സമ്മതപത്രം, വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്താലുള്ള പിഴ എന്നിവയ്ക്കുമുള്ള കാര്യങ്ങള്‍ ശുപാര്‍ശ ചെയ്താണ് റിപോര്‍ട്ട്.
വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതാ ലംഘനത്തിനുള്ള ശിക്ഷ, കേസ് നടപടികള്‍, വിവര അതോറിറ്റി രൂപവല്‍ക്കരണം, വ്യക്തിഗത വിവരങ്ങളുടെ നിര്‍വചനം, പ്രശ്‌ന സാധ്യതയുള്ള വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവയെ കുറിച്ച നിര്‍ദേശങ്ങളാണ് റിപോര്‍ട്ടില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പൗരന്‍മാ—രുടെ വിവരങ്ങള്‍ ഇന്ത്യയിലെയും വിദേശങ്ങളിലെയും സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ചോര്‍ത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ശീകൃഷ്ണ കമ്മിറ്റിയെ നിയോഗിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മുന്‍ സുപ്രിംകോടതി ജഡ്ജി ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്. കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദിനാണ് പഠനം പൂര്‍ത്തിയാക്കി കമ്മിറ്റി ഇന്നലെ റിപോര്‍ട്ട് സമര്‍പ്പിച്ചത്. റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അഭിപ്രായങ്ങള്‍ തേടുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പാര്‍ലമെന്ററി നടപടികളും പാലിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തൂവെന്നും അദ്ദേഹം പറഞ്ഞു.
പാസ്‌വേഡുകള്‍, സാമ്പത്തിക വിവരങ്ങള്‍, ആരോഗ്യ വിവരങ്ങള്‍, ഔദ്യോഗിക ഐഡന്റിഫയര്‍, ലൈംഗിക ജീവിതം, സെക്ഷ്വല്‍ ഓറിയന്റേഷന്‍, ജനിതക ബയോമെട്രിക്ക് ഡാറ്റകള്‍, ഡ്രാന്‍സ്ജന്‍ഡറിന്റെ പദവി വെളിപ്പെടുത്തുന്ന വിവരങ്ങള്‍, ഇന്റര്‍ സെക്‌സ് വിവരങ്ങള്‍, ജാതി, ഗോത്രം, മത, രാഷ്ട്രീയ വിശ്വാസങ്ങള്‍, വ്യക്തികളുടെ ബന്ധങ്ങള്‍ എന്നിവ ഏറ്റവും പ്രാധാന്യമുള്ള വ്യക്തിഗത വിവരങ്ങളായിട്ടാണ് റിപോര്‍ട്ട് പറയുന്നത്.

RELATED STORIES

Share it
Top