വ്യക്തതയില്ലാതെ സപ്ലൈകോ സര്‍ക്കുലറുകള്‍

പി  എം  അഹ്മദ്

കോട്ടയം: വാര്‍ഷിക കണക്കെടുപ്പും ഈസ്റ്റര്‍ ആഘോഷവും സംബന്ധിച്ച് വ്യക്തതയില്ലാത്ത സര്‍ക്കുലറുകള്‍ ഇറക്കി സപ്ലൈകോ അധികൃതര്‍. നിലവിലെ സര്‍ക്കുലര്‍ പ്രകാരം പെസഹ വ്യാഴവും ഈസ്റ്റര്‍ ദിനവും സപ്ലൈകോക്ക് പ്രവൃത്തിദിനമാണ്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടനുബന്ധിച്ച് സപ്ലൈകോ സ്ഥാപനങ്ങളില്‍ 29 മുതല്‍ സ്‌റ്റോക്കെടുപ്പ് പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കി. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മൂന്നു ദിവസമെങ്കിലും വേണം കണക്കെടുക്കാന്‍. ആവശ്യത്തിനു ജീവനക്കാരില്ലെന്ന് മനസ്സിലാക്കി സ്റ്റോക്കെടുപ്പ് പിന്നീട് 28 മുതലാക്കി സര്‍ക്കുലര്‍ ഇറങ്ങി. 29ന് ക്രിസ്ത്യന്‍ ജീവനക്കാര്‍ക്ക് അവധിയും നല്‍കി. ഇവര്‍ക്ക് അവധി നല്‍കിയതോടെ സ്‌റ്റോക്കെടുപ്പ് നടത്താന്‍ കഴിയാത്ത അവസ്ഥയിലായി.
31നു മുമ്പ് സ്റ്റോക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ താലൂക്ക് ലെവല്‍ മാനേജര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് പെസഹ ദിനവും കണക്കെടുക്കുന്നതിന് ജോലിക്ക് ഹാജരാവാന്‍ ജീവനക്കാര്‍ തയ്യാറായി. ഇതിനിടെ 28 മുതല്‍ ഏപ്രില്‍ 1 വരെ സപ്ലൈകോ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. തുടര്‍ന്ന് 29ന് പ്രവൃത്തിദിനമാക്കി വീണ്ടും സര്‍ക്കുലര്‍ വന്നു. സ്റ്റോക്കെടുപ്പ് പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങളില്‍ 29നു വീണ്ടും വില്‍പന നടത്തണം. 29നു സ്‌റ്റോക്കെടുക്കാന്‍ നിശ്ചയിച്ചിരുന്നത് ഏപ്രില്‍ 1 ലേക്കും മാറ്റി.
ഇതിനിടെ 29നും ഏപ്രില്‍ 1 നും പെസഹയും ഈസ്റ്ററും ആഘോഷത്തിന്റെ ഭാഗമായി ക്രിസ്ത്യാനികളായ സൂപ്പര്‍വൈസര്‍മാര്‍ക്ക് അവധി നല്‍കിയതും  ഏപ്രില്‍ 1 ഞായറാഴ്ചയിലെ പ്രവൃത്തിദിനം പ്രഹസനമാവുമെന്നു ജീവനക്കാരില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ഈസ്റ്റര്‍ ദിനത്തിലെ കണക്കെടുപ്പ് ഏപ്രില്‍ 3ലേക്ക് മാറ്റി വീണ്ടും സര്‍ക്കുലര്‍ ഇറങ്ങി. ഏപ്രില്‍ 4ന് തുറക്കുമ്പോള്‍ സപ്ലൈകോ സ്ഥാപനങ്ങള്‍ വീണ്ടും അഞ്ചു ദിവസം അടഞ്ഞുകിടക്കും.
കൂടാതെ, 28നു സ്റ്റോക്കെടുപ്പ് നടന്ന മാവേലി സ്റ്റോറുകളില്‍ 2017-18 വര്‍ഷം ക്ലോസ് ചെയ്തു. മറ്റു മാവേലികളിലും സ്‌റ്റോക്കെടുപ്പിന്റെ സൗകര്യാര്‍ഥം വര്‍ഷം ക്ലോസ് ചെയ്ത് ഡാറ്റ എടുത്തിട്ടുണ്ട്. ഇതുമൂലം 29ന് കംപ്യൂട്ടര്‍ ഉപയോഗിക്കാതെ ബില്ല് നല്‍കി വില്‍ക്കാനാണ് അധികാരികളുടെ നിര്‍ദേശം. പിന്നീട് ഏപ്രില്‍ 1 ലെ കണക്കില്‍ മാര്‍ച്ചിലെ വില പ്രകാരം കംപ്യൂട്ടറില്‍ ചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമൂലം ഏപ്രിലില്‍ മാര്‍ച്ചിലെയും ഏപ്രിലിലെയുമായി രണ്ടു തരം വിലയില്‍ രണ്ടു തരം വില്‍പന കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. ഭാവിയില്‍ ഇത് ഓഡിറ്റിങിനു പ്രശ്‌നമാവും. മാര്‍ച്ച് അവസാനം സബ്‌സിഡി വിലയില്‍ സാധനം വാങ്ങിയവര്‍ക്ക് ഈ വിവരങ്ങള്‍ കംപ്യൂട്ടറില്‍ ചേര്‍ക്കുന്നതിനാല്‍ വിഷു ആഘോഷത്തിനും ഏപ്രിലിലെ സാധനങ്ങള്‍ക്കും കടയിലെത്തുന്നവര്‍ക്ക് ഏപ്രിലിലെ സബ്‌സിഡി നഷ്ടമാവാനും ഇടയാവും. ഇത് ജീവനക്കാരും കാര്‍ഡുടമകളും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കും.

RELATED STORIES

Share it
Top